ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ അവസാന രണ്ട് ഏകദിനങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 194ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 42.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 74 റണ്‍സെടുത്ത സ്മൃതി മന്ഥാനയാണ് കളിയിലെ താരം. സ്റ്റെഫാനി ടെയ്‌ലര്‍ പരമ്പരയിലെ താരമായി. 

ഓപ്പണര്‍മാരായ സ്മൃതി മന്ഥാന (74), ജമീമ റോഡ്രിഗസ് (69) എന്നിവര്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ തന്നെ ഇന്ത്യ പാതിജയം സ്വന്തമാക്കിയിരുന്നു. ഇരുവരും 141 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 63 പന്തുകള്‍ നേരിട്ട മന്ഥാന മൂന്ന് സിക്‌സിന്റെയും ആറ് ഫോറിന്റെയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തുത്. പിന്നീടെത്തിയ പൂനം റാവത്ത് (24), മിതാലി രാജ് (20) എന്നിവര്‍ വിജയത്തിനരികെ മടങ്ങി. എന്നാല്‍ ദീപ്ത് ശര്‍മ (4) ഹര്‍മന്‍പ്രീത് കൗര്‍ (0) വിജയം പൂര്‍ത്തിയാക്കി.

നേരത്തെ ജുലന്‍ ഗോസ്വാമി, പൂനം യാദവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റാക്കി- ആന്‍ കിംഗ് 38 റണ്‍സെടുത്തു.