ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കാര്യവട്ടത്ത് നടക്കും. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം.
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. കാര്യവട്ടത്ത് വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പരമ്പര തൂത്തുവാരി പുതുവര്‍ഷം ആഘോഷിക്കാന്‍ ടീം ഇന്ത്യ. ആശ്വാസ ജയത്തിനായി തൊട്ടതെല്ലാം പിഴയ്ക്കുന്ന ശ്രീലങ്ക. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ കരുത്തിനെ പരീക്ഷിക്കാന്‍ പോലുമാവാതെ കിതയ്ക്കുകയാണ് ലങ്ക. ഷെഫാലി വര്‍മ്മയ്‌ക്കൊപ്പം സ്മൃതി മന്ദാനകൂടി ഫോമിലേക്ക് എത്തിയതോടെ കാര്യവട്ടം ഇന്നും പ്രതീക്ഷിക്കുന്നത് റണ്‍മഴ.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റിച്ചഘോഷും കൂടിചേരുമ്പോള്‍ ലങ്കയുടെ ആശങ്കയും സമ്മര്‍ദവുമേറും. ജമീമ റോഡ്രിഗ്‌സ് പനിമാറി തിരികെ എത്തിയാല്‍ ഹാര്‍ലീന്‍ ഡിയോള്‍ പുറത്തിരിക്കും. പരമ്പരയില്‍ ഇതുവരെ അവസരം കിട്ടാത്ത ഏക താരമായ പതിനേഴുകാരി ജി കമലിനിക്ക് ഇന്ത്യ അരങ്ങേറ്റം നല്‍കിയേക്കും. ദീപ്തി ശര്‍മ, രേണുക താക്കൂര്‍, അരുന്ധതി റെഡ്ഢി എന്നിവരടങ്ങിയ ബൗളിംഗ് നിരയും ശ്രീലങ്കയ്ക്ക് കനത്ത വെല്ലുവിളി. ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു ഒഴികെയുള്ളവരൊന്നും ഫോമിലേക്ക് എത്താത്തതാണ് ലങ്കയുടെ പ്രതിസന്ധി. നാട്ടിലേക്ക് മടങ്ങും മുന്‍പ് ഒരുകളിയെങ്കിലും ജയിക്കണമെന്ന വാശിയിലാവും അയല്‍ക്കാര്‍.
ഇന്ത്യന്‍ വനിതാ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, രേണുക സിംഗ് താക്കൂര്‍, ശ്രീ ചരണി, ജെമിമ റോഡ്രിഗസ്, ജി കമാലിനി, ക്രാന്തി ഗൗഡ്, സ്‌നേഹ റാണ.

