ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 97 റണ്‍സിന്റെ കൂറ്റന്‍ ജയം.
നോട്ടിംഗ്ഹാം: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 97 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 211 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 62 പന്തില്‍ 112 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.5 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയാണ് ആതിഥേയരെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
66 റണ്‍സെടുത്ത ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. താമി ബ്യൂമോണ്ട് (10), എം അര്‍ലോട്ട് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സോഫിയ ഡങ്ക്‌ലി (7), ഡാനിയേല വ്യാട്ട് (0), എമി ജോണ്‍സ് (1), ആലീസ് ക്യാപ്‌സി (5), സോഫി എക്ലെസ്റ്റോണ്‍ (1), ലോറന്‍ ഫില്ലര്‍ (2), ലോറന്‍ ബെല്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചരണിക്ക് പുറമെ ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
നേരത്തെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഷെഫാലി വര്‍മ (20) - മന്ദാന സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ ഷെഫാലി മടങ്ങി. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോളും (23 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും മൂന്നാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ലോറന്‍ ബെല്ലിന്റെ പന്തില്‍ ഹര്‍ലീന്‍ ഡിയോള്‍ മടങ്ങി.
ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. റിച്ചാ ഘോഷ് (12), ജമീമ റോഡ്രിഗസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അവസാന ഓവറിലാണ് താല്‍കാലിക ക്യാപ്റ്റനായ മന്ദാന മടങ്ങുന്നത്. മൂന്ന്് സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് മന്ദാനയുടെ ഇന്നിംഗ്‌സ്. അമന്‍ജോത് കൗര്‍ (3), ദീപ്തി ശര്‍മ (7) പുറത്താവാതെ നിന്നു. ലോറന്‍ ബെല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

