അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചപ്പോൾ, ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തി.

ദില്ലി: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ദില്ലി, അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അഫ്ഗാനിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചു. നാട്ടിലെ അങ്ങേറ്റത്തിനായി യുവതാരം വൈഭവ് സൂര്യവംശി കാത്തിരിക്കണം. ജസ്പ്രിത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

അഫ്ഗാനിസ്ഥാന്‍: ഇബ്രഹീം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുല്ല അട്ടല്‍, ദര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

പരിക്കിനെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍ കളിക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും താരം ടീമിലെത്തി. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരുന്നു. 'താരം നിലവില്‍ സുഖമായിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പരിശീലന സെഷനുശേഷം ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതൊരു ചെറിയ പരിക്ക് മാത്രമാണ്, മാത്രമല്ല അദ്ദേഹം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്നുമുണ്ട്. അദ്ദേഹം കളിച്ച മികച്ച പ്രകടനങ്ങള്‍ നമുക്കറിയാം, അതിനാല്‍ ചെറിയൊരു ക്ഷീണവുമുണ്ട്. ഇന്നത്തെ ദിവസത്തെ വിശ്രമത്തിലൂടെ നാളത്തേക്ക് താരം പൂര്‍ണ്ണഫിറ്റ്നെസ് വീണ്ടെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ശ്രേയസ് അയ്യര്‍ പറഞ്ഞു.

YouTube video player