പരമ്പര നേട്ടത്തിന് പിന്നാലെ രോഹിത് സന്തോഷം പങ്കുവച്ചിരുന്നു. ഇതിനിടെ വിരമിക്കലിനെ കുറിച്ചും രോഹിത് സംസാരിച്ചു.
ധരംശാല: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ 4-1ന് തകര്‍ത്ത സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം. ധരംശാലയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിലും 64 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇംഗ്ലണ്ട് 218 & 195 & ഇന്ത്യ 477. ജയത്തോടെ 4-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരമായത്. അഞ്ച് ടെസ്റ്റില്‍ 712 റണ്‍സ് അടിച്ചുകൂട്ടിയ യശസ്വി ജെയ്‌സ്വാള്‍ പരമ്പരയിലെ താരവുമായി. റണ്‍വേട്ടയിലും ജയ്‌സ്വാളാണ് ഒന്നാമന്‍. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലമനായി. 400 റണ്‍സാണ് രോഹിത് ഒമ്പത് ഇന്നിംഗ്‌സില്‍ നേടിയത്.
പരമ്പര നേട്ടത്തിന് പിന്നാലെ രോഹിത് സന്തോഷം പങ്കുവച്ചിരുന്നു. ഇതിനിടെ വിരമിക്കലിനെ കുറിച്ചും രോഹിത് സംസാരിച്ചു. രോഹിത് വിശദീകരിക്കുന്നതിങ്ങനെ... ''ഒരു ദിവസം ഉറക്കമുണരുമ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്ന് തോന്നിയാല്‍, ഞാന്‍ കൡനിര്‍ത്തും. അപ്പോള്‍ അതിനെ കുറിച്ച് വേണ്ടപ്പെട്ടവരുമായി സംസാരിക്കും. എന്നാലിപ്പോള്‍ അത്തരം ചിന്തകളൊന്നുമില്ല. ഞാന്‍ രണ്ടോ മൂന്നോ വര്‍ഷമായി നന്നായി കളിക്കാന്‍ ആവുന്നുണ്ട്. എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. അതുകൊണ്ടുതന്നെ മറ്റൊന്നും ചിന്തിക്കുന്നില്ല.'' രോഹിത് പറഞ്ഞു.
രോഹിത് തുടര്‍ന്നു... ''ഞാന്‍ സംഖ്യകളില്‍ ശ്രദ്ധിക്കുന്ന വ്യക്തിയല്ല. ശരിയാണ്, വലിയ റണ്‍സ് നേടുകയെന്നും പ്രധാനമാണ്. വ്യക്തിഗത സ്‌കോറിന് വേണ്ടി കളിക്കുയെന്നതിനപ്പുറത്തേക്ക് നിങ്ങള്‍ നന്നായി കളിക്കുകയാണെങ്കില്‍ വലിയ സ്‌കോറുകള്‍ വരും.'' രോഹിത് മത്സരശേഷം വ്യക്കമാക്കി.
ടീമിന്റെ പ്രകടനത്തെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഇതുപോലൊരു ടെസ്റ്റ് പരമ്പര ജയിക്കുമ്പോള്‍ എല്ലാം ഒത്തുവരണം. വിവിധ ഘട്ടങ്ങളില്‍ ചിലര്‍ക്ക് പുറത്തിരിക്കേണ്ടി വരും. അപ്പോള്‍ പുതിയ ആളുകള്‍ വരും. ചിലര്‍ക്ക് പരിചയസമ്പത്ത് കുറവായിരിക്കും. എന്നാല്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചതാരങ്ങളാണ്. എനിക്ക് പറയാന്‍ കഴിയും, അവര്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ കളിച്ചുവെന്ന്. മുഴുവന്‍ ടീമിനുമാണ് ക്രഡിറ്റ്. ഒരുപാട് സന്തോഷമുണ്ട്.'' രോഹിത് കൂട്ടിചേര്‍ത്തു.

