ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു നേട്ടം കൂടി കോലിയെ തേടിയെത്തി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ രണ്ട് വിജയങ്ങളെന്ന അപൂര്‍വ നാഴികക്കല്ലാണ് കോലിയും സംഘവും പിന്നിട്ടത്.

ലണ്ടന്‍: ഓവല്‍ ടെസ്റ്റിലെ ജയത്തോടെ നിരവധി നാഴികക്കല്ലുകള്‍ വിരാട് കോലിക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം പിന്നിട്ടു. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ ഓവലില്‍ വിജയം നേടുന്നത്. ജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു നേട്ടം കൂടി കോലിയെ തേടിയെത്തി. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ രണ്ട് വിജയങ്ങളെന്ന അപൂര്‍വ നാഴികക്കല്ലാണ് കോലിയും സംഘവും പിന്നിട്ടത്.

ഇത്തരത്തില്‍ രണ്ട് വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. ഇക്കാര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ പേരാണ് ആദ്യം. 1986ല്‍ കപിലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം 2-0ത്തിന് പരമ്പര വിജയം സ്വന്തമാക്കിയിരുന്നു.
1986നുശേഷം ഇംഗ്ലണ്ടില്‍ ഒന്നിലധികം ടെസ്റ്റുകളില്‍ ജയിക്കുകയെന്ന റെക്കോര്‍ഡും ഇന്നത്തെ ജയത്തോടെ ഇന്ത്യ സ്വന്തമാക്കി. 

നേരത്തെ, 50 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ ഓവലില്‍ ജയിച്ചുകയറിയത്. 1971ല്‍ അജിത് വഡേക്കറുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.

ഓവലില്‍ 157 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 210 റണ്‍സിന് പുറത്താക്കുകയായിരുന്നു. 

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഈമാസം 10ന് മാഞ്ചസ്റ്ററിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.