Asianet News MalayalamAsianet News Malayalam

മുട്ട കഴിക്കുന്ന വീഗാനോ ?; ട്രോളുകൾക്ക് മറുപടിയുമായി വിരാട് കോലി

താൻ വെജിറ്റേറിയനാണെന്നും വീ​ഗാൻ ഡയറ്റ് പിന്തുടരുന്നു എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കോലി

Indian Captain Virat Kohli responds to troll over vegan
Author
Mumbai, First Published Jun 1, 2021, 8:23 PM IST

മുംബൈ: വീ​ഗാൻ ഡയറ്റുമായി ബന്ധപ്പെട്ടുയർന്ന ട്രോളുകൾക്ക് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഇം​ഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയിൽ ക്വാറന്റീനിൽ കഴിയുന്ന കോലി കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി സംവദിക്കവെയാണ് മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വീ​ഗാൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് മുമ്പ്  കോലി പറഞ്ഞിട്ടുണ്ടെന്നും മുട്ട കഴിക്കാറുണ്ടെന്ന ഇപ്പോഴത്തെ വെളിപ്പെടുത്തൽ വീ​ഗാൻ ഡയറ്റ് പിന്തുടരുന്നു എന്ന് പറഞ്ഞതിന് വിരുദ്ധമാണെന്നും വ്യക്തമാക്കി കോലിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞത്.

എന്നാൽ താൻ വെജിറ്റേറിയനാണെന്നും വീ​ഗാൻ ഡയറ്റ് പിന്തുടരുന്നു എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കോലി പറഞ്ഞു.

മൃ​ഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങളായ പാൽ, തൈര്, നെയ്യ്, മത്സ്യം, മാംസം, മുട്ട എന്നിവ പൂർണണായും ഒഴിവാക്കി ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും മാത്രം ഉൾപ്പെടുത്തുന്നതാണ് വീ​ഗാൻ ഡയറ്റ്. കായിക രം​ഗത്ത് ലിയോണൽ മെസ്സിയും സെറീന വില്യംസും ഈ ഭക്ഷണരീതി പിന്തുടരുന്നവരാണ്.

 

ശാരീരികക്ഷമതയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന കോലിയുടെ ആഹാരക്രമം എന്താണെന്നായിരുന്നു ഇൻസ്റ്റ​ഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യം. ധാരാളം പച്ചക്കറികളും കുറച്ചു മുട്ടയും രണ്ട് കപ്പ് കാപ്പി, പരിപ്പ്, കടല, പാലക്ക് ചീര, പിന്നെ ദോശയും ഇഷ്ടമാണെന്നായിരുന്നു കോലിയുടെ മറുപടി. എന്ത് കഴിച്ചാലും വളരെ കുറച്ചെ കഴിക്കാറുള്ളൂവെന്നും കോലി പറഞ്ഞിരുന്നു.

Also Read: ക്ലാസിക്ക് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; ആറ് വയസുകാരി ഫാത്തിമയ്ക്ക് കയ്യടിച്ച് ജമീമ റോഡ്രിഗസ്- വീഡിയോ

രണ്ട് വർഷം മുമ്പ് സസ്യാഹാരം കഴിക്കുന്നതിനെ അടിസ്ഥാനമാക്കി നെറ്റ് ഫ്ലിക്സിൽ വന്ന ​ഗെയിം ചേഞ്ചേഴ്സ് എന്ന ഡോക്യൂമെന്ററിയെ പ്രശംസിച്ച് കോലി രം​ഗത്തെത്തിയിരുന്നു. വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരാൻ തുടങ്ങിയതോടെ തന്റെ പലധാരണകളും തെറ്റായിരുന്നുവെന്ന് തെളിഞ്ഞുവെന്നും കോലി പറഞ്ഞിരുന്നു.

പിന്നീട് മുൻ ഇം​ഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണുമൊത്തുള്ള ഇൻസ്റ്റ​ഗ്രാം ലൈവ് സെഷനിൽ താൻ വീ​ഗനാണെന്ന് കോലി പറഞ്ഞിരുന്നു. അതിനുള്ള കാരണവും കോലി അന്ന് വ്യക്തമാക്കിയിരുന്നു. 2018ൽ തനിക്ക് സെർവിക്കൽ സ്പൈനുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നമുണ്ടായിരുന്നുവെന്നും ശരീരത്തിലെ യൂറിക് ആസിഡിന്റെ തോത് കുറക്കാനായി മാംസാഹാരം പൂർണമായും ഒഴിവാക്കുകയായിരുന്നുവെന്നും കോലി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios