സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പരമ്പര നഷ്ടമാവും. മൂന്നാം ടെസ്റ്റില്‍ അദ്ദേഹം കളിക്കില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ഉമേഷ് യാദവിന്റെ കാര്യത്തിലും ഔദ്യോഗിക തീരുമാനമാവുന്നത്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയുമ്പോഴായിരുന്നു അദ്ദേഹത്തിന് പേശി വലിവ് അനുഭവപ്പെടുന്നത്. പിന്നീട് അദ്ദേഹം കളത്തിന് പുറത്തേക്ക് പോവുകയായിരുന്നു.

രണ്ട് ടെസ്റ്റുകളിലായി 39.4 ഓവറുകളാണ് ഉമേഷ് എറിഞ്ഞത്. ഇതില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ താരത്തിന് ആദ്യ സ്‌പെല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനത്തിന് എത്തുമ്പോഴേക്കും താരം പൂര്‍ണ ഫിറ്റാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ഉമേഷിന് പകരം നവ്ദീപ് സൈനിയോ, ടി നടരാജനോ ശേഷിക്കുന്ന ടെസ്റ്റുകളില്‍ കളിച്ചേക്കും. നടരാജന്റെ പേരാണ് കൂടുതല്‍ പറഞ്ഞു കേള്‍ക്കുന്നത്. താരത്തിന്റെ വേരിയേഷന്‍ ബൗളിങ്ങില്‍ ഗുണം ചെയ്യുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.