ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ രാഹുലിനെ ടീം മാനേജ്മെന്‍റ് ഇപ്പോഴും പിന്തുണക്കുന്നുണ്ടെങ്കിലും ഇന്‍ഡോറിലും രാഹുലിനെ ഇറക്കി പരാജയപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം മുഴുവന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും രോഹിത് ശര്‍മയുടെയും ചുമലിലാകുമെന്നതിനാല്‍ നാളെ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ടീം മുതിര്‍ന്നേക്കില്ല.

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ത്യ നാളെ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പരയില്‍ 2-0ന് മുന്നിലാണെങ്കിലും ഒരു ജയം കൂടി നേടിയാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാനാവു. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി പേസ് ബൗളര്‍മാര്‍ക്കും തുല്യ സാധ്യതയുള്ളതാകും ഇന്‍ഡോറിലെ പിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഓപ്പണര്‍ സ്ഥാനത്ത് കെ എല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തുന്നതാകും പ്രധാന മാറ്റം. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ രാഹുലിനെ ടീം മാനേജ്മെന്‍റ് ഇപ്പോഴും പിന്തുണക്കുന്നുണ്ടെങ്കിലും ഇന്‍ഡോറിലും രാഹുലിനെ ഇറക്കി പരാജയപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം മുഴുവന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും രോഹിത് ശര്‍മയുടെയും ചുമലിലാകുമെന്നതിനാല്‍ നാളെ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ടീം മുതിര്‍ന്നേക്കില്ല.

'ക്യാപ്റ്റന്‍ സ്‍മിത്ത്' കൂടുതല്‍ അപകടകാരി, റണ്ണൊഴുക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

രോഹിത് ശര്‍മക്കൊപ്പം ഗില്‍ ഓപ്പണറായി എത്തുമ്പോള്‍ വണ്‍ ഡൗണായി പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തും. ഇരുവര്‍ക്കും ആദ്യ രണ്ട് ടെസ്റ്റിലും വലിയൊരു ഇന്നിംഗ്സ് കളിക്കാനായിട്ടില്ല. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും അവസരം ഒരുങ്ങും. സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ശ്രീകര്‍ ഭരതും എത്തുമ്പോള്‍ ആര്‍ അശ്വിനാകും രണ്ടാമത്തെ സ്പിന്‍ ഓള്‍ റൗണ്ടര്‍.

ഇന്‍ഡോറിലെ പിച്ച് സീമര്‍മാരെ തുണക്കുമെന്നത് കണക്കിലെടുത്ത് ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ അക്സര്‍ പട്ടേലിനെ നാളെ പുറത്തിരുത്താനുള്ള സാധ്യതയും ഉണ്ട്. അക്സറിന് പകരം പേസര്‍മാരായ ഉമേഷ് യാദവിനോ രഞ്ജിയില്‍ തിളങ്ങിയ ജയദേവ് ഉനദ്ഘട്ടിനോ അന്തിമ ഇലവനില്‍ അവസരം ഒരുങ്ങും. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാകും മറ്റ് രണ്ട് പേസര്‍മാര്‍.