കെയ്‌ന്‍ വില്യംസണിന് ഐ പി എല്‍ 12-ാം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യത. കഴിഞ്ഞ വര്‍ഷത്തെ ടോപ് സ്‌കോററാണ് വില്യംസണ്‍.
ഹൈദരാബാദ്: ഇടത് തോളിന് പരിക്കേറ്റ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണിന് ഐ പി എല്‍ 12-ാം സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകാന്‍ സാധ്യത. വെല്ലിങ്ടണില്‍ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് വില്യംസണ് പരിക്കേറ്റത്. പിന്നാലെ താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.
സ്‌കാനിംഗില്‍ തോള്‍പേശികള്‍ക്ക് പരിക്ക് സ്ഥിരീകരിച്ചതായി കിവീസ് പരിശീലകന്‍ ഗാരി സ്‌റ്റെഡ് വ്യക്തമാക്കിയിട്ടുണ്ട്. ഐ പി എല്ലിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍, 100 ശതമാനം ഭേദമായില്ലെങ്കില്‍ താരത്തെ കളിക്കാന്‍ അനുവദിക്കില്ലെന്നും അദേഹം പറഞ്ഞു. ബംഗ്ലാദേശിനെതിരായ മൂന്നാം ടെസ്റ്റില്‍ നായകന്‍ കളിക്കുന്ന കാര്യവും ആശങ്കയിലാണ്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ജയം നേടി പരമ്പര ഇതിനകം കിവികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഐ പി എല്‍ സീസണില്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തിലും വില്യംസണിന് കീഴില്‍ ഫൈനലിസ്റ്റുകളാവാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നു. നായകനായും ബാറ്റിംഗിലും തിളങ്ങിയ ന്യൂസീലന്‍ഡ് താരത്തിനായിരുന്നു 2018ലെ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ്. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ 52.50 ശരാശരിയില്‍ 735 റണ്‍സ് വില്യംസണ്‍ അടിച്ചുകൂട്ടി. 142.44 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
