ജയ്‌പൂര്‍: ഐപിഎല്‍ പതിമൂന്നാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനീഴല്‍ വീഴ്‌ത്തി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇക്കുറി ലീഗില്‍ കളിക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. പിതാവിന്‍റെ അര്‍ബുദ ചികില്‍സയുടെ ഭാഗമായി ഇംഗ്ലണ്ട് ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന 29കാരനായ സ്റ്റോക്‌സ് ഇപ്പോള്‍ ന്യൂസിലന്‍ഡിലാണുള്ളത്. 

പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ച് ജന്‍മദേശമായ ന്യൂസിലന്‍ഡിലേക്ക് യാത്രതിരിച്ചിരുന്നു ബെന്‍ സ്റ്റോക്‌സ്. ഓസ്‌ട്രേലിയക്കെതിരെ നിയന്ത്രിത ഓവര്‍ പരമ്പരയ്‌ക്കുള്ള ടീമിനെ തിങ്കളാഴ്‌ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റോക്‌സിന്‍റെ പേരുണ്ടായിരുന്നില്ല. സെപ്റ്റംബര്‍ നാല് വെള്ളിയാഴ്‌ചയാണ് പരമ്പര ആരംഭിക്കുന്നത്. ദേശീയ ടീമില്‍ സ്റ്റോക്‌സ് എപ്പോള്‍ മടങ്ങിയെത്തും എന്ന് ഇപ്പോള്‍ വ്യക്തമല്ല.

ഇതോടെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സ്റ്റോക്‌സ് കളിക്കുമോ എന്ന കാര്യം ആശയക്കുഴപ്പത്തിലായി. സെപ്‌റ്റംബര്‍ 19ന് യുഎഇയിലാണ് ഐപിഎല്‍ പതിമൂന്നാം സീസണ്‍ ആരംഭിക്കുന്നത്. സ്റ്റോക്‌സ് എത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ ടീമും താരവും ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. ബാറ്റും പന്തും കൊണ്ട് തിളങ്ങുന്ന സ്റ്റോക്‌സ് കളിക്കാതെവന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് അത് വലിയ തിരിച്ചയാവും. 

സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ബെന്‍ സ്റ്റോക്‌സ്. ഐപിഎല്ലില്‍ 2017ല്‍ റൈസിംഗ് പുണെ സൂപ്പര്‍ ജയന്‍റ്‌സിനൊപ്പമാണ് സ്റ്റോക്‌സ് അരങ്ങേറിയത്. ആ സീസണില്‍ 300ലധികം റണ്‍സും 10ലധികം വിക്കറ്റും സ്വന്തമാക്കി. 2018 മുതല്‍ കളിക്കുന്നത് രാജസ്ഥാന്‍ റോയല്‍സില്‍. എന്നാല്‍ വിസ്‌മയ മികവ് പുറത്തെടുക്കാനായില്ല. ഐപിഎല്‍ കരിയറില്‍ 34 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സും 26 വിക്കറ്റുമാണ് സമ്പാദ്യം.