ജയ്‌പൂര്‍: ഐപിഎല്ലിൽ മലയാളിതാരം സഞ്ജു സാംസൺ അടുത്ത സീസണിലും രാജസ്ഥാൻ റോയൽസിൽ കളിക്കും. സഞ്ജുവിനെ ടീമിൽ നിലനിർത്താനാണ് രാജസ്ഥാൻ റോയൽസിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

ഇരുപത്തിയാറുകാരനാണെങ്കിലും രാജസ്ഥാൻ റോയൽസിലെ സീനിയർ താരമാണ് സഞ്ജു സാംസൺ. ഫോമിലേക്കുയർന്നാൽ ബൗളർമാരുടെ അന്തകനാവുന്ന ബാറ്റ്സ്മാൻ. സഞ്ജുവിന്റെ ഈ മികവ് വരും സീസണിലും രാജസ്ഥാൻ റോയൽസിൽ തന്നെ കാണാം. ഇക്കഴിഞ്ഞ സീസണിൽ സഞ്ജു 14 കളിയിൽ മൂന്ന് അ‍‍ർധസെഞ്ച്വറികളോടെ 375 റൺസെടുത്തിരുന്നു. ആകെ 107 കളിയിൽ നിന്ന് രണ്ട് സെഞ്ച്വറിയും 13 അർധസെഞ്ച്വറിയുമടക്കം 2584 റൺസ് സഞ്ജുവിന്‍റെ പേരിലുണ്ട്.

ടീമുകൾ അടുത്ത സീസണിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഈമാസം 21ന് മുൻപ് ഐപിഎൽ ഗവേണിംഗ് കൗൺസിലിന് നൽകണം. സഞ്ജുവിനൊപ്പം രാഹുൽ തെവാത്തിയയേയും ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ എന്നിവരേയും നിലനിർത്താനാണ് രാജസ്ഥാൻ റോയൽസിന്റെ നീക്കം.

എന്നാൽ നായകൻ സ്റ്റീവ് സ്മിത്തിന്റെ കാര്യത്തിൽ ഉറപ്പില്ല. ജയദേവ് ഉനദ്കട്ട്, റോബിൻ ഉത്തപ്പ, ആൻഡ്രു ടൈ, ശ്രേയസ് ഗോപാൽ, വരുൺ ആരോൺ, ആകാശ് സിംഗ് തുടങ്ങിയവരെയും ഒഴിവാക്കുമെന്നാണ് സൂചന.

അയര്‍ലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്ത് യുഎഇ, കളിയിലെ താരമായി മലയാളി താരം സി പി റിസ്‌വാന്‍