പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോര്‍ഡില്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യക്കൊപ്പം എത്തുകയായിരുന്നു ജോണി ബെയ്‌ര്‍സ്റ്റോ

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സ്(RCB vs PBKS) കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് ഓപ്പണര്‍ ജോണി ബെയ്‌ര്‍സ്റ്റോയുടെ(Jonny Bairstow) കൂടെ വെടിക്കെട്ടിലായിരുന്നു. കൂറ്റന്‍ സിക്‌സറുകളുമായി കളംപിടിക്കുകയായിരുന്നു ബെയ്‌ര്‍സ്റ്റോ. ഇതോടെ 14 വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡിനൊപ്പം ബെയ്‌ര്‍സ്റ്റോ ഇടംപിടിച്ചു എന്നതാണ് കൗതുകം. 

പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോര്‍ഡില്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യക്കൊപ്പം എത്തുകയായിരുന്നു ജോണി ബെയ്‌ര്‍സ്റ്റോ. ഏഴ് സിക്‌സറുകളാണ് ആദ്യ ആറ് ഓവറിനിടെ ബെയ്‌ര്‍സ്റ്റോ പറത്തിയത്. 2008ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയാണ് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ജയസൂര്യ ആദ്യ ആറ് ഓവറുകള്‍ക്കിടെ ഏഴ് സിക്‌സ് ഗാലറിയിലെത്തിച്ചത്. ഇതോടെ ആറ് ഓവറില്‍ 78 റണ്‍സിലെത്തിയിരുന്നു മുംബൈ. അതേസമയം ബെയ്‌ര്‍സ്റ്റോ ആളിക്കത്തിയപ്പോള്‍ പഞ്ചാബ് പവര്‍പ്ലേയില്‍ 83 റണ്‍സിലെത്തി. 

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് 54 റണ്‍സിന്‍റെ ഉഗ്രന്‍ ജയം സ്വന്തമാക്കി. ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് പിന്നാലെ ലയാം ലിവിംഗ്‌സ്റ്റണും ആഞ്ഞടിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 209 റണ്‍സെടുത്തു. ബെയ്‌ര്‍‌സ്റ്റോ 29 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 66 റണ്‍സ് നേടി. ലിവിംഗ്‌സ്റ്റണ്‍ 42 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 70 റണ്‍സും. ശിഖര്‍ ധവാന്‍ 21 ഉം നായകന്‍ മായങ്ക് അഗര്‍വാള്‍ 19 ഉം റണ്‍സെടുത്ത് മടങ്ങി. 4 ഓവറില്‍ 34 റണ്‍സിന് നാല് പേരെ മടക്കിയ ഹര്‍ഷല്‍ പട്ടേലും 15 റണ്‍സിന് രണ്ട് വിക്കറ്റുമായി വനിന്ദു ഹസരങ്കയും തിളങ്ങി. 

മറുപടി ബാറ്റിംഗില്‍ ആര്‍സിബിയുടെ പോരാട്ടം 155-9 എന്ന നിലയില്‍ 20 ഓവറില്‍ അവസാനിച്ചു. 22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. നായകന്‍ ഫാഫ് ഡുപ്ലസിസ് 10ഉം വിരാട് കോലി 20 ഉം റണ്‍സെടുത്ത് പുറത്തായി. കാഗിസോ റബാഡ മൂന്നും റിഷി ധവാനും രാഹുല്‍ ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. 

Thomas Cup : തോമസ് കപ്പ്: ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിച്ചതിൽ അഭിമാനമെന്ന് എച്ച്.എസ് പ്രണോയ്