14 പന്തിൽ അർധ സെഞ്ചുറിയിലെത്തിയ പാറ്റ് കമ്മിൻസ് ഐപിഎൽ റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചു

പുനെ: ഐപിഎല്‍ (IPL) പ്രേമികളുടെ സിരകളില്‍ തീപടര്‍ത്തിയ ഇന്നിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) പ്രതീക്ഷകളെ ഒരേയൊരു പാറ്റ് കമ്മിൻസിലൂടെ (Pat Cummins) കവരുകയായിരുന്നു മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders). ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സിലൊന്നുമായി ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ താണ്ഡവമാടിയപ്പോൾ മുംബൈ സീസണിലെ മൂന്നാം തോൽവി നേരിട്ടു.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോൽപ്പിച്ചപ്പോള്‍ അതിവേഗ അർധസെഞ്ചുറി നേടിയ പാറ്റ് കമ്മിൻസായിരുന്നു കളിയിലെ താരം. 14 പന്തിലാണ് ഓസീസ് ടെസ്റ്റ് നായകന്‍ ഐപിഎല്ലില്‍ തന്‍റെ വേഗമേറിയ അര്‍ധ ശതകം നേടിയത്. ഇതോടെ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡില്‍ കെ എല്‍ രാഹുലിന് ഒപ്പമെത്തി കമ്മിന്‍സ്. 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയായിരുന്നു 14 പന്തില്‍ രാഹുലിന്‍റെ അര്‍ധ ശതകം. 15 പന്തില്‍ അമ്പത് തികച്ച യൂസഫ് പത്താനും സുനില്‍ നരെയ്‌നുമാണ് ഇരുവര്‍ക്കും പിന്നില്‍. 

മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 162 റൺസ് വിജയലക്ഷ്യം നാല് ഓവർ ബാക്കി നിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടക്കുകയായിരുന്നു. പവർപ്ലേയിൽ തന്നെ ഓപ്പണർ അജിൻക്യ രഹാനെയും നായകൻ ശ്രേയസ് അയ്യരെയും നഷ്‌ടമായ കൊല്‍ക്കത്ത പ്രതിസന്ധിയിലായിരുന്നു. ഇടവേളകളിൽ വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന വെങ്കടേഷ് അയ്യരാണ് ടീമിന് പ്രതീക്ഷ നൽകിയത്. എന്നാല്‍ ഏഴാമനായി പാറ്റ് കമ്മിന്‍സ് ക്രീസിലെത്തിയതോടെ കെകെആറിന്‍റെ ഗിയര്‍ മാറി. 

പകരംവീട്ടി പാറ്റ്

15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തി കമ്മിന്‍സ് വരവറിയിച്ചു. ഈ ഓവറില്‍ അയ്യരും കമ്മിന്‍സും കൂടി ആകെ നേടിയത് 12 റണ്‍സ്. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു കമ്മിന്‍സ്. കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ പുറത്താകാതെ ആറ് സിക്‌സറും നാല് ഫോറും സഹിതം 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ 50 റൺസുമായി വെങ്കടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി.

നേരത്തെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിംഗ് ഷോയില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച സ്‌കോറിലെത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ 36 പന്തില്‍ 52 ഉം തിലക് 27 പന്തില്‍ 38* ഉം എടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തു. അവസാന ഓവറില്‍ ബാറ്റിംഗിനിറങ്ങി പാറ്റ് കമ്മിന്‍സിനെ പറത്തി 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്‍റെ പ്രകടനം നിര്‍ണായകമായി. എന്നാല്‍ കിട്ടിയതിന് പലിശ സഹിതം തിരികെ കൊടുത്തു കമ്മിന്‍സ്. അർധ സെഞ്ചുറിക്ക് പുറമെ മുംബൈയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് കളിയിലെ താരം.

IPL 2022 : പറത്തിയടിച്ച് പാറ്റ് കമ്മിന്‍സ്; കൊല്‍ക്കത്തയ്‌ക്ക് ത്രില്ലര്‍ ജയം; മുംബൈക്ക് ഹാട്രിക് തോല്‍വി