ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് സംഗ 

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയില്‍ പരിശീലകനും ക്രിക്കറ്റ് ഡയറക്‌ടറുമായ കുമാര്‍ സംഗക്കാര (Kumar Sangakkara). മികച്ച താരങ്ങളെ ടീമിലെത്താന്‍ ഫ്രാഞ്ചൈസിക്ക് കഴിഞ്ഞതിന്‍റെ സന്തോഷം സംഗ പങ്കുവെച്ചു. 

'ടീമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി താരലേലത്തില്‍ താരങ്ങളെ കണ്ടെത്താന്‍ ശ്രമിച്ചു. ശക്തമായ സ്‌ക്വാഡിനെ കണ്ടെത്താന്‍ ഫ്രാഞ്ചൈസിക്കായി. യുസ്‌വേന്ദ്ര ചാഹലും രവിചന്ദ്ര അശ്വിനും, ഓഫ് സ്‌പിന്നും ലെഗ് സ്‌പിന്നും പരിഗണിക്കുമ്പോള്‍ മികച്ച രണ്ട് താരങ്ങളെ കിട്ടി. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവ്‌ദീപ് സെയ്‌നി, നഥാൻ കൂൾട്ടർ നൈൽ, ഓബദ് മക്കോയ് എന്നിങ്ങനെ മികച്ച പേസ് യൂണിറ്റുണ്ട്. നിലനിര്‍ത്തിയ താരങ്ങളായ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും കരുത്തര്‍. ടീമിലെ എല്ലാ രംഗങ്ങളിലും കരുത്ത് നല്‍കാന്‍ കഴിഞ്ഞു. ജീമ്മി നീഷാം, ഡാരിൽ മിച്ചൽ, റാസ്സി വാൻഡർ ഡസ്സൻ എന്നിവര്‍ മികച്ച താരങ്ങളാണ്' എന്നും സംഗക്കാര വ്യക്തമാക്കി. 

വോണിന്‍റെ വേര്‍പാട് തീരാനഷ്‌ടം

രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ ഐപിഎല്‍ സീസണില്‍ കിരീടത്തിലേക്ക് നയിച്ച ഷെയ്‌ന്‍ വോണിന്‍റെ വേര്‍പാടില്‍ തന്‍റെ ദുഖം സംഗക്കാര രേഖപ്പെടുത്തി. 'ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്‌ടമാണ്. ക്രിക്കറ്റര്‍മാര്‍ക്കും നഷ്‌ടമാണ്. വളരെ ആഴമേറിയ അറിവുള്ള, എപ്പോഴും സമീപിക്കാനാവുന്ന വ്യക്തിയായിരുന്നു വോണ്‍. എല്ലാവരും അദേഹത്തെ മിസ് ചെയ്യും' എന്നും സംഗക്കാര അനുസ്‌മരിച്ചു. കോച്ചിംഗ് സ്റ്റാഫിലേക്ക് ലസിത് മലിംഗ, പാഡി ആപ്‌ടണ്‍ എന്നിവരെ കൊണ്ടുവന്നതിനെ കുറിച്ചും സംഗക്കാര വാചാലനായി. മലിംഗയാണ് സീസണില്‍ രാജസ്ഥാന്‍റെ പേസ് ബൗളിംഗ് കോച്ച്. 

ശക്തമായ ടീമുമായാണ് ഐപിഎല്‍ പതിനഞ്ചാം സീസണിന് രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. സഞ്ജു സാംസണ് പുറമെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാണ് ഈ സീസണിലെ ക്യാപ്റ്റന്‍. 

രവിചന്ദ്രൻ അശ്വിൻ, ട്രെന്‍ഡ് ബോൾട്ട്, ദേവ്ദത്ത് പടിക്കൽ, ഷിമ്രോന്‍ ഹെറ്റ്മെയർ, പ്രസിദ്ധ് ക‍ൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്നി, ഓബദ് മക്കോയ്, അനുനയ് സിങ്, കുൽദിപ് സെൻ, കരുൺ നായർ, ധ്രുവ് ജുറൽ, തേജസ് ബറോക്ക, കുൽദീപ് യാദവ്, ശുഭം ഗാർവാൾ, ജിമ്മി നീഷാം, നഥാൻ കൂൾട്ടർ നൈൽ, റാസ്സി വാൻഡർ ഡസ്സൻ, ഡാരിൽ മിച്ചൽ, റിയാൻ പരാഗ്, കെ സി കരിയപ്പ എന്നിവരെ താരലേലത്തില്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി. ഇവരില്‍ നീഷാം, ഡാരിൽ മിച്ചൽ, കൂൾട്ടർ നൈൽ, റാസ്സി വാൻഡർ ഡസ്സൻ എന്നിവരെ ലേലത്തിന്‍റെ അവസാന നിമിഷങ്ങളില്‍ റാഞ്ചുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. 

IPL 2022 : രണ്ടുംകല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്; ലസിത് മലിംഗയെ റാഞ്ചി