ഓപ്പണര്‍മാരായ പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയും മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. 

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ അവസാനിക്കുമ്പോൾ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസ് എന്ന നിലയിലാണ്. 29 റൺസുമായി പ്രിയാൻഷ് ആര്യയും 25 റൺസുമായി പ്രഭ്സിമ്രാൻ സിംഗുമാണ് ക്രീസിൽ. 

വൈഭവ് അറോറയാണ് കൊൽക്കത്തയ്ക്ക് വേണ്ടി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ച് പ്രിയാൻഷ് ആര്യ പഞ്ചാബിന് മികച്ച തുടക്കം തന്നെ നൽകി. അവസാന പന്തും പ്രിയാൻഷ് ബൗണ്ടറി നേടിയതോടെ ആദ്യ ഓവറിൽ 10 റൺസ് പിറന്നു. രണ്ടാം ഓവറിൽ കൊൽക്കത്തയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഇടംകയ്യൻ പേസര്‍ ചേതൻ സക്കറിയയാണ് പന്തെറിയാൻ എത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത ചേതന്‍റെ ഓവറിൽ വെറും 3 റൺസ് മാത്രം കണ്ടെത്താനെ പഞ്ചാബിന്‍റെ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുള്ളൂ. മൂന്നാം ഓവറിൽ വൈഭവ് അറോറയെ സമാനമായി രണ്ട് തവണ ബൗണ്ടറി കടത്തി പ്രിയാൻഷ് സ്കോറിംഗിന് വേഗം കൂട്ടി. 

തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച പ്രഭ്സിമ്രാൻ സിംഗ് നാലാം ഓവറിൽ ചേതൻ സക്കറിയെ അതിര്‍ത്തി കടത്തി. ഇതേ ഓവറിൽ പ്രിയാൻഷ് രണ്ട് ബൗണ്ടറികൾ കൂടി നേടിയതോടെ പഞ്ചാബിന് ലഭിച്ചത് 18 റൺസ്. ഇതോടെ 5-ാം ഓവറിൽ ഹര്‍ഷിത് റാണയെ നായകൻ അജിങ്ക്യ രഹാനെ പന്തേൽപ്പിച്ചു. ആദ്യ പന്ത് തന്നെ ബൗണ്ടറിയും മൂന്നാം പന്തിൽ സിക്സറും നേടി പ്രഭ്സിമ്രാനും ഫോമിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഇതോടെ 4.3 ഓവറിൽ ടീം സ്കോര്‍ 50 കടന്നു. 11 റൺസ് കൂടി കണ്ടെത്തിയതോടെ പഞ്ചാബിന്‍റെ സ്കോര്‍ 5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 54. വരുൺ ചക്രവര്‍ത്തി എറിഞ്ഞ ആറാം ഓവറിൽ വെറും 2 റൺസ് മാത്രമാണ് പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് നേടാനായത്. 

READ MORE: ഈഡനിൽ ടോസ് ജയിച്ച് ശ്രേയസ് അയ്യ‍ര്‍; കൊൽക്കത്തയ്ക്ക് എതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു