അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിംഗിനെ സ്വന്തമാക്കാന്‍ ആരും രംഗത്തുവന്നില്ല

കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ തിളങ്ങി ഇംഗ്ലണ്ടിന്‍റെ യുവ ഓള്‍റൗണ്ടര്‍ വില്‍ ജാക്ക്‌സ്. 1.50 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വില്ലിനെ 3.20 കോടിക്ക് ആര്‍സിബിയാണ് ടീമിലെത്തിച്ചത്. വില്ലിനെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിനായി രണ്ട് വീതം ട്വന്‍റി 20യും ടെസ്റ്റുകളുമാണ് 24കാരനായ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ കളിച്ചത്. അതേസമയം ഇന്ത്യന്‍താരം മനീഷ് പാണ്ഡെയെ 2.40 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 

അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിംഗിനെ സ്വന്തമാക്കാന്‍ ആരും രംഗത്തുവന്നില്ല. ദക്ഷിണാഫ്രിക്കയുടെ റാസീ വാന്‍ ഡര്‍ ഡുസ്സന്‍ വിന്‍ഡീസിന്‍റെ ഷെര്‍ഫേന്‍ റൂത്തര്‍ഫോര്‍ഡ് എന്നിവരെയും തുടക്കത്തില്‍ ആരും സ്വന്തമാക്കിയിട്ടില്ല. 

അണ്‍ക്യാപ്‌ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ കേരളത്തിന്‍റെ മുഹമ്മദ് അസ്‌ഹറുദ്ദീനെയും ആരും സ്വന്തമാക്കിയില്ല. ഉപേന്ദ്ര യാദവ് 25 ലക്ഷത്തിന് സണ്‍റൈസേഴ്‌സിലും കെ എസ് ഭരത് 1.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സിലും എന്‍ ജഗദീശന്‍ 90 ലക്ഷത്തിന് കെകെആറിലുമെത്തി. ദിനേശ് ബാനാ, സുമുത് കുമാര്‍ എന്നിവര്‍ക്കായും ആരും രംഗത്തുവന്നില്ല. അണ്‍ക്യാപ്‌ഡ് ഓള്‍റൗണ്ടര്‍മാരില്‍ പ്രിയം ഗാര്‍ഗിനെ ആരും ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാതിരുന്നതും ശ്രദ്ധേയമായി. മലയാളി പേസര്‍ കെ എം ആസിഫും ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായി. യുവതാരം യാഷ് ഠാക്കൂര്‍ 45 ലക്ഷത്തിന് ലഖ്‌നൗവിലേക്ക് ചേക്കേറിയപ്പോള്‍ വൈഭവ് അറോറയെ കെകെആര്‍ 60 ലക്ഷത്തിന് പാളയത്തിലെത്തിച്ചു. 

അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരങ്ങളില്‍ വമ്പന്‍ തുക ലഭിച്ചവരില്‍ ഒരാള്‍ വിവ്രാന്ത് ശര്‍മ്മയ്‌ക്കാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ രണ്ട് കോടിയും പിന്നിട്ട് 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തുകയായിരുന്നു. ശര്‍മ്മയ്ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. കൊല്‍ക്കത്ത നേരത്തെ 2.40 കോടി രൂപ വിവ്രാന്ത് ശര്‍മ്മയ്ക്ക് വിളിച്ചിരുന്നു. ജമ്മു കശ്‌മീരില്‍ നിന്നുള്ള താരമാണ് വിവ്രാന്ത് ശര്‍മ്മ. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന പേസര്‍ മുകേഷ് കുമാറിനെ 5.50 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയതും ശ്രദ്ധേയമായി. ശിവം മാവിക്കും താരലേലം നേട്ടമായി. മാവിയെ 6 കോടിക്ക് ഗുജറാത്ത് ടീമാണ് കൂടെക്കൂട്ടിയത്. അണ്‍ക്യാപ്‌ഡ് സ്‌പിന്നര്‍മാര്‍ വന്‍ നിരാശയിലായപ്പോള്‍ എസ് മിഥുനെ ആരും സ്വന്തമാക്കാന്‍ തുടക്കത്തില്‍ തയ്യാറായില്ല. 

കേട്ടുകേള്‍വി പോലുമില്ലാത്ത പേര്! പക്ഷേ കോടികള്‍ വാരി വിവ്രാന്ത് ശര്‍മ്മ