പതിരാനയെ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തില്‍ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക ഇരിക്കുമ്പോഴാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മാസ് എന്‍ട്രി.
അബുദാബി: ഐപിഎല്‍താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൈവിട്ട ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനക്കായി റെക്കോര്‍ഡ് ലേലം വിളി. രണ്ട് കോടി രൂപ അടിസ്ഥാന വിലക്ക് തുടങ്ങിയ ലേലം വിളിയില്‍ തുടക്കത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ഇഞ്ചോടിഞ്ച് മത്സരിച്ചത്. പതിരാനക്കായി ഒടുവില്‍ ലക്നൗ 16 കോടി മുടക്കാന്‍ ലക്നൗ തയാറായതോടെ ഡല്‍ഹി പിന്‍മാറി. 20 കോടി രൂപമാത്രം കൈവശമുള്ളപ്പോഴായിരുന്നു പതിരാനക്കായി ലക്നൗ 16 കോടി മുടക്കാന്‍ തയാറായത്.
എന്നാല്‍ പതിരാനയെ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തില്‍ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക ഇരിക്കുമ്പോഴാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മാസ് എന്‍ട്രി. എന്നാല്‍ കൊല്‍ക്കത്തക്ക് പതിരാനയെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ സഞ്ജീവ് ഗോയങ്ക സമ്മതിച്ചില്ല. ഒടുവില്‍ കൊല്‍ക്കത്തയുമായി വാശിയേറിയ വിളിക്കൊടുവില്‍ 18 കോടി രൂപക്ക് ലങ്കന്‍ പേസറെ കൊല്‍ക്കത്തക്ക് വിട്ടുകൊടുക്കാന്‍ ലക്നൗ തയാറായി.
നേരത്തെ കാമറൂണ്‍ ഗ്രീനിനായി 25.20 കോടി മുടക്കിയ കൊല്‍ക്കത്ത പതിരാനക്ക് 18 കോടി കൂടി മുടക്കിയതോടെ രണ്ട് വീദേശ താരങ്ങള്‍ക്ക് മാത്രമായി 43 കോടി രൂപയാണ് വാരിയെറിഞ്ഞത്. 2025ലെ ഐപിഎല്‍ മെഗാ താരലേലത്തില്‍ 13 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പതിരാനയെ നിലനിര്‍ത്തിയത്.
അതേസമയം, ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്‍റി, ഇന്ത്യൻ പേസര്‍ ആകാശ്ദീപ് എന്നിവര്‍ക്ക ആദ്യ റൗണ്ട് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. ലേലത്തില്‍ ആവശ്യക്കാരുണ്ടാകുമെന്ന് കരുതിയ സ്പിന്നര്‍ രാഹുല്‍ ചാഹറിനും ആദ്യ റൗണ്ട് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.


