ആര്‍സിബിക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. എന്നാല്‍ സ്ക്രീനില്‍ ആരാധകര്‍ കണ്ടത് ബൗളറുടെ പേരിന് നേരെ ഹേസല്‍വുഡിന് പകരം കോലി എന്നായിരുന്നു.
കൊല്‍ക്കത്ത: പതിനെട്ടാം ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സിന് സംഭവിച്ചത് ഭീമാബദ്ധം. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ചു. കൊല്‍ക്കത്തക്കായി ക്വിന്‍റൺ-ഡികോക്കും സുനില്‍ നരെയ്നും ക്രീസിലെത്തി.
ആര്‍സിബിക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. എന്നാല്‍ സ്ക്രീനില്‍ ആരാധകര്‍ കണ്ടത് ബൗളറുടെ പേരിന് നേരെ ഹേസല്‍വുഡിന് പകരം കോലി എന്നായിരുന്നു. മത്സരം തുടങ്ങിയശേഷം ടിവിയിലേക്ക് നോക്കിയ ആരാധകര്‍ ഒരു നിമിഷം ഒന്നമ്പരന്നു. ആര്‍സിബിക്കായി കോലി ബൗളിംഗ് ഓപ്പണ്‍ ചെയ്തോ എന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ നീണ്ട റണ്ണപ്പുമായി ഹേസല്‍വുഡ് ബൗളിംഗ് ക്രീസിലേക്ക് ഓടിയെത്തുന്നത് കണ്ടപ്പോഴായിരന്നു സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഭീമാബദ്ധം ആരാധകര്‍ തിരിച്ചറിഞ്ഞത്. ഉദ്ഘാടന മത്സരത്തിൽ ആദ്യ ഓവറില്‍ തന്നെ കൈയബദ്ധം പറ്റിയത് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും നാണക്കേടായി.
മത്സരത്തില്‍ തകര്‍ത്തെറിഞ്ഞ ഹേസല്‍വുഡ് ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു. ആദ്യ ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡികോക്കിനെ പുറത്താക്കിയ ഹേസല്‍വുഡ് അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ഹേസല്‍വുഡ് നാലു റണ്‍സ് മാത്രമണ് വഴങ്ങിയത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയ ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാല് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യയും ആര്‍സിബിക്കായി തിളങ്ങി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തി.
