ബറോഡ: കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നില്‍ ഗ്രേഗ് ചാപ്പലല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ അടുത്തിടെ വ്യക്തതമാക്കിയിരുന്നു. അങ്ങനെയൊരു ആശയത്തിന്ന് സച്ചിന്‍ ടെന്‍ഡുലര്‍ക്കറായിരുന്നുവെന്നാണ് പഠാന്‍ പറഞ്ഞിരുന്ന. കരിയര്‍ നശിപ്പിച്ചത് ചാപ്പലല്ലെന്ന് വ്യക്തമാക്കിയ പഠാന്‍, ഇന്ത്യക്കാരനല്ലാത്തതിനാല്‍ ആര്‍ക്കും കേറി മേയാവുന്ന വ്യക്തിയായി ചാപ്പലിനെ കാണരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോല്‍ മറ്റൊരു തലത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

പഠാനെ കുപ്രസിദ്ധ ഭീകരരന്‍ ഹാഫിസ് സയീദുമായി  താരതമ്യം ചെയ്തിരിക്കുകയാണ് ഒരു ക്രിക്കറ്റ് ആരാധകന്‍. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പഠാനെ ഹാഫിസ് സയീദുമായി താരതമ്യം ചെയ്തിരിക്കുന്നത്. പഠാന്‍ ചാപ്പലിനെ കുറിച്ച് പറഞ്ഞ വാര്‍ത്തയും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. രൂക്ഷമായിട്ടാണ് പഠാന്‍ ഇതിനോട് പ്രതികരിച്ചത്.

'അടുത്ത ഹാഫിസ് സയീദ് ആകാനുള്ള ആഗ്രഹം ഇര്‍ഫാന്‍ പഠാന്‍ മറച്ചുവയ്ക്കുന്നില്ല. ഇത് കഷ്ടമാണ്'  എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രതിഷേധം പങ്കുവച്ച് പഠാനും രംഗത്തെത്തി. 'ചിലരുടെ മനഃസ്ഥിതി ഇതാണ്. എവിടെയാണ് നമ്മള്‍ എത്തിനില്‍ക്കുന്നത്? ഷെയിം, ഡിസ്ഗസ്റ്റഡ് എന്നീ ഹാഷ്ടാഗുകള്‍ സഹിതം പഠാന്‍ കുറിച്ചു.

ഈ ട്വീറ്റിനു പിന്നില്‍ വ്യാജ അക്കൗണ്ടാണെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരം റിച്ച ഛദ്ദ രംഗത്തെത്തി. എന്നാല്‍ പഠാന് വിടാനുള്ള ഭാവമില്ലായിരുന്നു. അക്കൗണ്ട് വ്യാജമാണെങ്കിലും ഇതിനു പിന്നില്‍ ഏതെങ്കിലും ഒരു വ്യക്തിയുണ്ടാകുമല്ലോ എന്നായിരുന്നു പഠാന്റെ മറുപടി. ഇത്തരം ആളുകളെ ഗൗനിക്കുക പോലും ചെയ്യരുതെന്ന് ബാഡ്മിന്റന്‍ താരം ജ്വാല ഗുട്ടയും മറുപടിയായി ട്വീറ്റ് ചെയ്തു.