ഏഴ് വര്‍ഷം മുമ്പാണ് 35കാരനായ പത്താന്‍ ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഇനി ഇന്ത്യക്കായി കളിക്കാനാവില്ലെന്ന് 2016ല്‍ തന്നെ തനിക്ക് മനസിലായരുന്നതായും പത്താന്‍ പറഞ്ഞു

ബറോഡ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം കരിയറിലെ ഒരേയൊരു ദു:ഖം തുറന്നു പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍. പല താരങ്ങളും രാജ്യാന്തര കരിയര്‍ തുടങ്ങുന്ന കാലഘട്ടത്തിലാണ് തന്റെ രാജ്യാന്തര കരിയര്‍ അവസാനിച്ചതെന്ന് പത്താന്‍ പറഞ്ഞു. 27-28 വയസിലാണ് പല താരങ്ങളും കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ എന്റെ കരിയര്‍ അവസാനിച്ചതാകട്ടെ 27-ാം വയസിലും. കരിയറിലെ ഒരേയൊരു ദു:ഖം അത് മാത്രമാണ്. ചെറിയ കരിയറില്‍ 301 രാജ്യാന്തര വിക്കറ്റുകള്‍ ഞാന്‍ നേടിയിരുന്നു- പത്താന്‍ പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പാണ് 35കാരനായ പത്താന്‍ ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഇനി ഇന്ത്യക്കായി കളിക്കാനാവില്ലെന്ന് 2016ല്‍ തന്നെ തനിക്ക് മനസിലായരുന്നതായും പത്താന്‍ പറഞ്ഞു. 27-ാം വയസില്‍ കരിയര്‍ അവസാനിച്ചപ്പോള്‍ കുറച്ചുകൂടി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. അതെന്ത് കാരണങ്ങള്‍ കൊണ്ടായാലും തിരിഞ്ഞു നോക്കുമ്പോള്‍ പരാതികളൊന്നുമില്ലെന്നും പത്താന്‍ പറഞ്ഞു.

2016ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിട്ടും മികച്ച ഓള്‍ റൗണ്ടറായിട്ടും ഇനിയൊരു തിരിച്ചുവരവില്ലെന്ന് എനിക്ക് മനസിലായിരുന്നു. ഞാന്‍ സെലക്ടര്‍മാരോട് സംസാരിച്ചപ്പോള്‍ എന്റെ ബൗളിംഗില്‍ അവരും തൃപ്രതരല്ലായിരുന്നു. കുറച്ചു കൂടി മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞെങ്കിലെന്നും 500-600 വിക്കറ്റുകള്‍ വാഴ്ത്താനായെങ്കിലുമെന്നൊക്കെ ആഗ്രഹിക്കാനല്ലെ പറ്റൂ-പത്താന്‍ പറഞ്ഞു.

ഇന്ത്യക്കായി 29 ടെസ്റ്റില്‍ കളിച്ച പത്താന്‍ 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ 1544 റണ്‍സടിച്ച പത്താന്‍ 173 വിക്കറ്റുകളും വീഴ്ത്തി. 24 ടി20 മത്സരങ്ങളില്‍ 172 റണ്‍സടിച്ച പത്താന്‍ 28 വിക്കറ്റുകളും വീഴ്ത്തി.