ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ സെഞ്ചുറിയുമായി 10000 റണ്‍സ് തികച്ച സ്റ്റീവ് സ്മിത്തിനെ റിക്കി പോണ്ടിംഗ് പ്രശംസിച്ചു. ഈ തലമുറയിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ച പോണ്ടിംഗ്, സ്മിത്തിന്‍റെ കണക്കുകള്‍ മാതരം നോക്കിയാല്‍ മികച്ച താരമെന്ന് വ്യക്തമാകുമെന്നും പറഞ്ഞു.
ഗോള്‍: ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ടെസ്റ്റ് കരിയറില്‍ 10000 റണ്‍സ് തികച്ച ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ വാഴ്ത്തി മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. 35-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്തിനെ ഈ തലമുറയിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പോണ്ടിംഗ് പറഞ്ഞു.
സ്മിത്തിനെ ഇനി ഈ തലമുറയിലെ മികച്ച താരമെന്ന് പറഞ്ഞാല്‍ ആരെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. ജോ റൂട്ടാണ് മറ്റൊരു താരം. കെയ്ന്‍ വില്യംസണിന്‍റെ റെക്കോര്‍ഡും മികച്ചതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളല്‍ ജോ റൂട്ട് അവിശ്വസനീയമായാണ് കളിക്കുന്നത്. അഞ്ചോ ആറോ വര്‍ഷം മുമ്പ് വരെ വിരാട് കോലിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് ജോ റൂട്ട് ഇവരുടെ കൂട്ടത്തില്‍ ഏറ്റവും താഴെയായിരുന്നു. കാരണം, മറ്റ് മൂന്ന് താരങ്ങളുടെയത്രയും സെഞ്ചുറികളില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 19 സെഞ്ചുറികളാണ് റൂട്ട് അടിച്ചുകൂട്ടിയത്.
അതുകൊണ്ട് തന്നെ മികച്ച താരമാരാണെന്ന് ഇംഗ്ലീഷുകാരോട് ചോദിച്ചാല്‍ റൂട്ട് എന്നും ന്യസിലന്‍ഡുകാരോട് ചോദിച്ചാല്‍ വില്യംസണെന്നും ഓസ്ട്രേലിയക്കാരോട് ചോദിച്ചാല്‍ സ്മിത്തെന്നുമാകും ഉത്തരം. എന്നാല്‍ സ്റ്റീവ് സ്മിത്തിന്‍റെ കണക്കുകള്‍ മാത്രം നോക്കിയാല്‍ അവന്‍ തന്നെയാണ് മികച്ച താരമെന്ന് വ്യക്തമാവുമെന്നും പോണ്ടിംഗ് പറഞ്ഞു.
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ കരിയറില്‍ കളിച്ച 115 ടെസ്റ്റില്‍ 35 സെഞ്ചുറികളും 41 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 10103 റണ്‍സാണ് സ്മിത്തിന്‍റെ ഇതുവരെയുള്ള നേട്ടം. റിക്കി പോണ്ടിംഗ്(13,378), അലന്‍ ബോര്‍ഡര്‍(11,174), സ്റ്റീവ് വോ(10927) എന്നിവര്‍ക്കുശേഷം ഓസ്ട്രേിയക്കായി ടെസ്റ്റില്‍ 10000 റൺസ് തികയ്ക്കുന്ന ബാറ്റര്‍ കൂടിയാണ് സ്റ്റീവ് സ്മിത്ത്. 35-ാം സെഞ്ചുറി നേട്ടത്തോടെ ടെസ്റ്റ് സെഞ്ചുറികളില്‍ ഇന്ത്യയുടെ സുനില്‍ ഗവാസ്കര്‍, പാകിസ്ഥാന്‍റെ യൂനിസ് ഖാന്‍, ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ, വെസ്റ്റ് ഇന്‍ഡീസിന്‍റെ ബ്രയാന്‍ ലാറ എന്നിവരെയും സ്മിത്ത് പിന്നിലാക്കി.
