തന്‍റെ ഭാവിയെക്കുറിച്ച് ബിസിസിഐ ആണ് തീരുമാമനെടുക്കേണ്ടതെന്നും താനല്ല ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനമെന്നും ഗംഭീര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ നാട്ടില്‍ രണ്ട് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന നാണക്കേടിലാണിപ്പോള്‍ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ പരിശീലകനാവാന്‍ യോഗ്യനാണോ താങ്കള്‍ എന്ന ചോദ്യത്തിന് ഗംഭീര്‍ മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

തന്‍റെ ഭാവിയെക്കുറിച്ച് ബിസിസിഐ ആണ് തീരുമാനമെടുക്കേണ്ടതെന്നും താനല്ല ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനമെന്നും ഗംഭീര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. എന്‍റെ ഭാവിയെക്കുറിച്ച് ബിസിസിഐ ആണ് തിരുമാനിക്കേണ്ടത്. പക്ഷെ എന്‍റെ കീഴില്‍ തന്നെയാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സമനിലയാക്കിയതും ജനുവരിയില്‍ നമ്മള്‍ ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേിടയതും. അതുകൊണ്ട് ഇപ്പോഴത്തെ തോല്‍വിയുടെ എല്ലാവര്‍ക്കുമുണ്ട്, അത് എന്നില്‍ നിന്ന് തുടങ്ങുന്നു. ആദ്യ ഇന്നിംഗ്സില്‍ 95-1ല്‍ നിന്നാണ് നമ്മള്‍ 122-7ലേക്ക് കൂപ്പുകുത്തിയത്. അതൊരിക്കലും അംഗീകരിക്കാവുന്ന വീഴ്ചയല്ല. ഇതിന് ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും ഷോട്ടിനെയോ കുറ്റം പറയുന്നതില്‍ കാര്യമില്ല, തെറ്റ് എല്ലാവരുടെ ഭാഗത്തുമുണ്ട്. തോല്‍വിക്ക് ഞാനൊരിക്കലും വ്യക്തികളെ കുറ്റപ്പെടുത്താറില്ല, ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ടീമില്‍ അടിക്കടി മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാജ്യത്തെ പ്രതിഭാധരായ ഊര്‍ജ്ജസ്വലരായ യുവതാരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കേണ്ടെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ഗംഭീര്‍ തിരിച്ചുചോദിച്ചത്. പരിമിതമായ കഴിവേയുള്ളൂവെങ്കിലും ഏത് സാഹചര്യത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന താരങ്ങളെയാണ് നമുക്കുവേണ്ടത്. അവര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റ് ക്രിക്കറ്റിന് പ്രാമുഖ്യം നല്‍കണമെന്നാണ് എല്ലാ താരങ്ങളോടും എനിക്ക് പറയാനുള്ളത്. 

ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ മികവ് കാട്ടണമെങ്കില്‍ അതിനെ ഗൗരവമായി കണ്ടേ മതിയാവു. പക്ഷെ അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. അല്ലാതെ ഏതെങ്കിലും കളിക്കാരെയോ വ്യക്തികളെയോ മാത്രം കുറ്റം പറയുന്നതുകൊണ്ട് കാര്യമില്ലെന്നും ഗംഭീര്‍ പറഞ്ഞു. ഗംഭീറിന് കീഴില്‍ ഇന്ത്യ കളിച്ച 18 ടെസ്റ്റില്‍ 10ലും ഇന്ത്യ തോറ്റിരുന്നു. ഇതില്‍ നാട്ടില്‍ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കുമെതിരായ സമ്പൂര്‍ണ തോല്‍വികളും ഉള്‍പ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക