Asianet News MalayalamAsianet News Malayalam

ഒടുവില്‍ നാണക്കേട് മാറി;ജേസണ്‍ റോയിയും ഐപിഎല്ലിന്

ഇതോടെ ഇംഗ്ലണ്ട് ടീമിലെ സഹ ഓപ്പണറായ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം റോയിയേയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സണ്‍റൈസേഴ്സിനാവും.

Jason Roy named to paly for Sunrisers Hyderabad in IPL 2021
Author
Hyderabad, First Published Mar 31, 2021, 6:53 PM IST


ലണ്ടന്‍: ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് വലിയ നാണക്കേടായി പോയെന്ന് പ്രതികരിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയും ഒടുവില്‍ ഐപിഎല്ലിന്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ജേസണ്‍ റോയിയെ സ്വന്തമാക്കിയത്. പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരമാണ് റോയിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.

ഇതോടെ ഇംഗ്ലണ്ട് ടീമിലെ സഹ ഓപ്പണറായ ജോണി ബെയര്‍സ്റ്റോക്ക് ഒപ്പം റോയിയേയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സണ്‍റൈസേഴ്സിനാവും. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ബെയര്‍സ്റ്റോ-റോയി സഖ്യം മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഐപിഎല്‍ കരാറുമെത്തുന്നത്.

നേരത്തെ ഐപിഎല്‍ താരലലേത്തിന് പിന്നാലെയായിരുന്നു ഇത്തവണ ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കഴിയില്ലെന്നത് വലിയ നാണക്കേടായി പോയെന്ന് റോയി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗമായിരുന്ന റോയ് വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയിരുന്നു. പിന്നീട് ഡാനിയേല്‍ സാംസ് ആണ് റോയിക്ക് പകരം ഡല്‍ഹി ടീമിലെടുത്തത്.

ഇത്തവണ താരലേലത്തിന് മുമ്പെ റോയിയെ ഡല്‍ഹി ഒഴിവാക്കിയിരുന്നു. ഡാനിയേല്‍ സാംസിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഡല്‍ഹി കൈമാറുകയും ചെയ്തു. എന്നാല്‍ ലേലത്തിനെത്തിയപ്പോള്‍ റോയിക്കായി ടീമുകളാരും രംഗത്തെത്തിയില്ല. റോയിയുടെ സഹതാരമായ മോയിന്‍ അലിയെ ഏഴ് കോടി രൂപ നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുകയും ചെയ്തു. 2017ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ റോയി പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചു. ഇതുവരെ എട്ട് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോയ് 29.83 ശരാശരിയില്‍ 179 റണ്‍സ് നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios