ലോകകപ്പ് സെമിയിലെ സെഞ്ച്വറിക്ക് ശേഷം അമിത സന്ദേശങ്ങൾ കാരണം ജമീമ റോഡ്രിഗസ് വാട്‌സ് ആപ്പ് ഒഴിവാക്കി.
മുംബൈ: ലോകകപ്പ് സെമിഫൈനലിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം വാട്‌സ് ആപ്പ് ഒഴിവാക്കിയെന്ന് ജമീമ റോഡ്രിഗസ്. സെഞ്ച്വറി നേടിയതിന് ശേഷം താങ്ങാനാവുന്നതില്‍ കൂടുതല്‍ സന്ദേശങ്ങള്‍ വന്നുവെന്നും തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് കിട്ടിയതെന്ന് അറിയില്ലെന്നും ജമിമ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ സെമിയില്‍ ജമിമ നേടിയ 127 റണ്‍സാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഇന്ത്യ ആദ്യ കിരീടം സ്വന്തമാക്കുകയും ചെയ്തു.
്അടുത്തിടെ വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറിയിരുന്നു ജമീമ. ജമീമ ഇന്ത്യയില്‍ തുടരുമെന്ന് ബ്രിസ്ബേന്‍ ഹീറ്റ് വ്യക്തമാക്കി. സ്മൃതി മന്ഥനയ്ക്കൊപ്പം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം ഫ്രാഞ്ചൈസി അംഗീകരിക്കുകയായിരുന്നു. ജമീമയ്ക്കും വെല്ലുവിളികള്‍ ഏറെ ഉള്ള സമയമാണെന്നും ജമീമയുടെ ഹൃദയത്തില്‍ നിന്നുള്ള തീരുമാനത്തെ മാനിക്കുന്നു എന്നും ഹീറ്റ് സിഇഒ വ്യക്തമാക്കി. സ്മൃതിയുടെ വിവാഹം മാറ്റിവച്ചതിനു പിന്നാലെ ആണ് ജമീമയുടെ പിന്മാറ്റം.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ജമീമയുടെ താരമൂല്യം 100% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമീമയുടെ കൈകാര്യം ചെയ്യുന്ന ഏജന്‍സിയായ ജെഎസ്ഡബ്ല്യു സ്പോര്‍ട്സിലെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ കരണ്‍ യാദവ് പറയുന്നതിങ്ങനെ... ''ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരം പൂര്‍ത്തിയായ ഉടന്‍ തന്നെ ഞങ്ങള്‍ക്ക് ഒരുപാട് അഭ്യര്‍ത്ഥനകള്‍ വന്നു. 10-12 ബ്രാന്‍ഡുകളുമായി ഞങ്ങള്‍ സംഭാഷണത്തിലാണ്.'' കരണ്‍ വ്യക്തമാക്കി.
ജെമീമ ഇപ്പോള്‍ 75 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് ഫീസ് ഈടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ക്രിക്കറ്റ് കളിക്കാരിയായ സ്മൃതി മന്ദാന, എച്ച്യുഎല്ലിന്റെ റെക്‌സോണ ഡിയോഡറന്റ്, നൈക്ക്, ഹ്യുണ്ടായ്, ഹെര്‍ബലൈഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗള്‍ഫ് ഓയില്‍, പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ 16 ബ്രാന്‍ഡുകളുടെ അംബാസഡറാണ്. 29 കാരിയായ താരം ഒരു ബ്രാന്‍ഡില്‍ നിന്ന് മാത്രം 1.5-2 കോടി രൂപ സമ്പാദിക്കുന്നതായാണ് റിപ്പോര്‍ട്ട്.



