ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പെ ഇംഗ്ലണ്ടിന് തിരിച്ചടിയായി ജോഫ്ര ആര്‍ച്ചറുടെ പരിക്ക്. ആദ്യ ടെസ്റ്റില്‍ ആറു വിക്കറ്റുമായി തിളങ്ങിയ ആര്‍ച്ചര്‍ പരിക്കിനെത്തുടര്‍ന്ന് ഇന്ന് പരിശീലനത്തില്‍ നിന്ന് വിട്ടു നിന്നു. വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് മാത്രമെ ആര്‍ച്ചര്‍ കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു.

പനിയെത്തുടര്‍ന്ന് ആദ്യ ടെസ്റ്റിലും കളിക്കുന്ന കാര്യം സംശയത്തിലായിരുന്നെങ്കിലും മത്സരത്തിന് മുമ്പ് ആര്‍ച്ചര്‍ കായികക്ഷമത വീണ്ടെടുത്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ആര്‍ച്ചര്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങുകയും ചെയ്തു. അജ്ഞാത രോഗത്തെത്തുടര്‍ന്ന് വലഞ്ഞ ഇംഗ്ലണ്ട് ടീമിലെ മറ്റ് അംഗങ്ങളെല്ലാം ഇന്ന് പരിശീലനത്തിന് ഇറങ്ങി.

സ്പിന്നര്‍ ജാക് ലീച്ചും വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും പരിശീലനത്തിന് ഇറങ്ങിയത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ ആന്‍ഡേഴ്സണോ ബ്രോഡോ രണ്ടാം മത്സരത്തില്‍ പുറത്തിരിക്കുമെന്ന സൂചനകള്‍ക്കിടിയൊണ് ആര്‍ച്ചറുടെ പരിക്ക് ഇംഗ്ലണ്ടിന് തലവേദനയാകുന്നത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 107 റണ്‍സിന് ജയിച്ചിരുന്നു.