ലോകകപ്പിനുള്ള ടീമിനെ ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിക്കാനിരിക്കേ പ്രവചനങ്ങള്‍ ഒരു താരത്തെ ചൊല്ലി മാത്രം. ഐപിഎല്ലില്‍ തിളങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് താരം സര്‍പ്രൈസ് കാത്തിരിക്കുന്നത്.  

ലണ്ടന്‍: ലോകകപ്പിനുള്ള സ്‌ക്വാഡിനെ ഇന്ന് ഇംഗ്ലണ്ട് പ്രഖ്യാപിക്കാനിക്കേ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ഒരു പേര് മാത്രമാണ്. ബാര്‍ബഡോസില്‍ ജനിച്ച പേസ് വിസ്‌മയം ജോഫ്ര ആര്‍ച്ചര്‍ ലോകകപ്പ് ടീമിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിനായി കളിക്കാന്‍ അടുത്തിടെയാണ് ജോഫ്രയ്ക്ക് അനുമതി ലഭിച്ചത്. ബൗളിംഗില്‍ മാത്രമല്ല, ബാറ്റിംഗിലും ഫീല്‍ഡിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ആര്‍ച്ചര്‍. 

വിവിധ ടി20 ലീഗുകളില്‍ തിളങ്ങിയാണ് ജോഫ്ര ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയാവുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച ഫോമിലാണ് എന്നത് ആര്‍ച്ചറുടെ ലോകകപ്പ് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം നാല് ഓവറില്‍ വെറും 15 റണ്‍സ് വിട്ടുകൊടുത്ത് ആര്‍ച്ചര്‍ മൂന്ന് വിക്കറ്റാണ് വീഴ്‌ത്തിയത്.

ആര്‍ച്ചറിന്‍റെ ലോകകപ്പ് ടീം പ്രവേശനം സംബന്ധിച്ച് മാനേജ്മെന്‍റ് തീരുമാനമെടുക്കുമെന്ന് നേരത്തെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കിയിരുന്നു. 'പ്രതിഭയാണ് ആര്‍ച്ചര്‍. ചെറിയ പ്രായത്തില്‍ തന്നെ വിവിധ രാജ്യങ്ങളിലെ ലീഗില്‍ കളിച്ച് കഴിവ് തെളിയിച്ചെന്നും' അന്ന് മോര്‍ഗന്‍ പറഞ്ഞു. എന്നാല്‍ ആര്‍ച്ചര്‍ ടീമിലെത്തിയാല്‍ പേസ് നിരയില്‍ നിന്ന് ആര് പുറത്താകും എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ലോകത്തെ മികച്ച ഏകദിന ടീമിന്‍റെ, ലോകകപ്പിലെ ഫേവറേറ്റുകളുടെ ടീം പ്രഖ്യാപനം അതുകൊണ്ടുതന്നെ ത്രില്ലടിപ്പിക്കുന്നതാണ്.