ജൊഹാനസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഫീല്‍ഡിംഗ് പരിശീലകനുമായ ജോണ്ടി റോഡ്സിനെ സ്വീഡന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ജൂനിയര്‍ തലത്തിലുള്ള കളിക്കാരെ കണ്ടെത്തി രാജ്യത്ത് ക്രിക്കറ്റ് വളര്‍ത്താനുള്ള സ്വീഡിഷ് ക്രിക്കറ്റ് ബോര്‍‍ഡിന്റെ പദ്ധതികളുടെ ഭാഗമായാണ് റോഡ്സിനെ മുഖ്യ പരിശീലകനായി നിയമിച്ചത്.

കുടുംബവുമൊത്ത് സ്വീഡനിലേക്ക് താമസം മാറുന്നതില്‍ സന്തോഷമേയുള്ളൂവെന്നും കൃത്യമായ സമയത്താണ് പുതിയ ഉത്തരവാദിത്തം എത്തിയതെന്നും റോഡ്സ് പ്രതികരിച്ചു. റോഡ്സിന്റെ നിയമനം രാജ്യത്ത് ക്രിക്കറ്റ് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്ന് സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ബെന്‍ ഹറാഡൈന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കായി 52 ടെസ്റ്റിലും 245 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള റോഡ്സ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ്. ടെസ്റ്റില്‍ 2532 റണ്‍സും ഏകദിനത്തില്‍ 5935 റണ്‍സും റോഡ്സ് നേടിയിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റോഡ്സ് പിന്നീട് ദക്ഷിണാഫ്രിക്ക, കെനിയ ടീമുകളുടെ ഫീല്‍ഡിംഗ് പരിശീലകനായി പ്രവര്‍ത്തിച്ചു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പരിശീലകനായിരുന്ന റോഡ്സ് ഈ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിംഗ് പരിശീലകനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കും റോഡ്സ് നേരത്തെ അപേക്ഷിച്ചിരുന്നു. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന റോഡ്സ് തന്റെ രണ്ടാം ഭാര്യ മിലാനിയിലുണ്ടായ പുത്രിക്ക് ഇന്ത്യ ജീന്നി റോഡ്സ് എന്നാണ് പേരിട്ടത്.