Asianet News MalayalamAsianet News Malayalam

സച്ചിനും അസറിനും അര്‍ധ സെഞ്ചുറി! സഞ്ജു അവസരം കളഞ്ഞു; ഛത്തീഗഡിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

മികച്ച തുടക്കം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു സഞ്ജു. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ സഞ്ജു മടങ്ങി.

kerala allout for 350 runs in ranji trophy against chhattisgarh
Author
First Published Feb 3, 2024, 1:42 PM IST

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ കേരളം 350ന് പുറത്ത്. സച്ചിന്‍ ബേബി (91), മുഹമ്മദ് അസറുദ്ദീന്‍ (85), സഞ്ജു സാംസണ്‍ (57), രോഹന്‍ പ്രേം (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഛത്തീസ്ഗഡിന് വേണ്ടി ആഷിഷ് ചൗഹാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട കേരളം ബാറ്റിംഗിനെത്തുകയായിരുന്നു.

ഇന്ന് ക്യാപ്റ്റന്‍ സഞ്ജുവിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. മികച്ച തുടക്കം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു സഞ്ജു. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ സഞ്ജു മടങ്ങി. ചൗഹാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഏക്‌നാഥ് കെര്‍ക്കറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. 11 ബൗണ്ടറികളാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. പിന്നാലെ വിഷ്ണു വിനോദിനെ (40) ചൗഹാന്‍ ബൗള്‍ഡാക്കി.

എന്നാല്‍ ഒരറ്റത്ത് അസറുദ്ദീന്‍ ആക്രമിച്ച് കളിച്ചു. ശ്രേയസ് ഗോപാല്‍ (5), ബേസില്‍ തമ്പി (5), നിതീഷ് എം ഡി (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ അസറുദ്ദീന്റെ ഇന്നിംഗ്‌സ് കേരളത്തെ 350ലെത്തിച്ചു. 104 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 12 ഫോറും നേടി. അഖിന്‍ സത്താര്‍ (0) പുറത്താവാതെ നിന്നു. ആദ്യ ദിനം സച്ചിന്‍ ബേബിക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍ (0), ജലജ് സക്സേന (0), രോഹന്‍ പ്രേം (54) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ കേരളത്തിന് നഷ്ടമായി. സക്സേനയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇരുവരും റണ്‍സൊന്നുമെടുക്കാതെ പുറത്ത്. പിന്നീട് പരിചയ സമ്പന്നരായ സച്ചിന്‍ - രോഹന്‍ സഖ്യം 135 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയായ ഉടനെ രോഹന്‍ റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നീട് ക്രീസിലെത്തിയ സഞ്ജു ആക്രമിച്ച് കളിച്ചു. ഇതിനിടെ സെഞ്ചുറിക്ക് ഒമ്പത് റണ്‍ അകലെ സച്ചിന്‍ ബേബി വീണു. 

നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ സഞ്ജുവിന്റെ തിരിച്ചുവരവാണ് പ്രധാന സവിശേഷത. സഞ്ജു തിരിച്ചെത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ പുറത്തായി. വിഷ്ണു രാജിന് പകരം മുഹമ്മദ് അസറുദ്ദീന്‍ വിക്കറ്റ് കീപ്പറാവും. ആനന്ദ് കൃഷ്ണനും സ്ഥാനം നഷ്ടമായി. സീനിയര്‍ താരം രോഹന്‍ പ്രേം തിരിച്ചെത്തി. ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്താണ്. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ഇതുള്‍പ്പെടെ മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്. 

കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, നിതീഷ് എം ഡി, ബേസില്‍ തമ്പി, അഖിന്‍ സത്താര്‍.

ദ്രാവിഡിന് അര്‍ധനഗ്നയായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു! പൂനം പാണ്ഡെ എന്നും ക്രിക്കറ്റ് വിവാദങ്ങളിലുണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios