ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയിന്റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു.

തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ ബിഹാറിനെതിരായ അവസാന മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. മധ്യ പ്രദേശിനെതിരായ സമനിലയോടെ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയിരുന്നു കേരളം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയിന്റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു.

മധ്യപ്രദേശിനെതിരെ തോറ്റിരുന്നെങ്കില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുമായിരുന്നു. കേരളം ഉള്‍പ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയില്‍ പഞ്ചാബിനെതിരെ കൂറ്റന്‍ ജയവുമായി കര്‍ണാടക 19 പോയന്റുമായി കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറിയിരുന്നു. എന്നാല്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുകയും മത്സരം സമനിലയിലാക്കാനും സാധിച്ചിരുന്നു. ഇതോടെ മൂന്ന് പോയിന്റ് ലഭിക്കുകും രണ്ടാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. 

ഡല്‍ഹിക്ക് ടോസ്; കോലി രഞ്ജി കളിക്കുന്നത് കാണാന്‍ രണ്ട് കിലോമീറ്റര്‍ നീണ്ട നിര; മത്സരം കാണാന്‍ ഈ വഴികള്‍

ഒന്നാം സ്ഥാനത്തുള്ള ഹരിയാന, ബംഗാളിനെ തകര്‍ത്ത് 26 പോയന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകക്ക് ഹരിയാനയാണ് എതിരാളികള്‍. ബിഹാര്‍ താരതമ്യേന ദുര്‍ബലരാണ്. അതുകൊണ്ടുതന്നെ കേരളത്തിന് അനായാസം ജയിക്കാമെന്നും അടുത്ത റൗണ്ടിലേക്ക് കറയറാമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഹാറിനെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങുന്നത്. പരിക്കേറ്റ ബാബ അപരാജിത്, എന്‍ പി ബേസില്‍ എന്നിവര്‍ പുറത്തായി. ആനന്ദ് കൃഷ്ണന്‍, വൈശാഖ് ചന്ദ്രന്‍ എന്നിവര്‍ ടീമിലെത്തി. 

കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മൂന്ന് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലാണ് മടങ്ങിയത്. അക്ഷയ് ചന്ദ്രന്‍ (6), ആനന്ദ് കൃഷ്ണന്‍ (0) എന്നിവരാണ് ക്രീസില്‍. 10 റണ്‍സ് സ്‌കോര്‍ബോര്‍ഡിലുണ്ട്.