ഐപിഎല്‍ കളിക്കാനുള്ള തീരുമാനവും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കവുമാണ് തൻ്റെ അന്താരാഷ്ട്ര കരിയര്‍ നേരത്തെ അവസാനിപ്പിച്ചതെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍ വെളിപ്പെടുത്തുന്നു. 

ഗുവാഹത്തി: ഐപിഎല്‍ കളിക്കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി നിലനിന്നിരുന്ന തര്‍ക്കമാണ് തന്റെ അന്താരാഷ്ട്ര കരിയര്‍ നേരത്തെ അവസാനിക്കാന്‍ കാരണമായതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഫ്രാഞ്ചൈസി ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയ തന്റെ നിലപാട് അക്കാലത്ത് വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായെങ്കിലും, പില്‍ക്കാല കളിക്കാര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളും ട്വന്റി-20 ലീഗുകളും ഒരുപോലെ കൊണ്ടുപോകാന്‍ അത് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

പീറ്റേഴ്‌സ്ണ്‍ വിശദീകരിക്കുന്നതിങ്ങനെ... ''ഐപിഎല്‍ കളിക്കാന്‍ എനിക്ക് വലിയ ത്യാഗങ്ങള്‍ ചെയ്യേണ്ടി വന്നു, എന്റെ കരിയര്‍ തന്നെ നഷ്ടമായി. യഥാര്‍ത്ഥത്തില്‍ ഞാന്‍ 150-160 ടെസ്റ്റുകള്‍ കളിക്കേണ്ടതായിരുന്നു. 12,000 മുതല്‍ 13,000 വരെ റണ്‍സ് നേടാന്‍ എനിക്ക് സാധിക്കുമായിരുന്നു.'' പീറ്റേഴ്‌സണ്‍ പറഞ്ഞു. ക്രിക്കറ്റ് അധികൃതര്‍ തനിക്കെതിരെ തിരിയാനുള്ള ഏക കാരണം ഇതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 33-ാം വയസ്സില്‍, 104 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് പീറ്റേഴ്‌സന്റെ കരിയര്‍ അവസാനിച്ചത്. 8,181 റണ്‍സാണ് പീറ്റേഴ്‌സണ്‍ തന്റെ ടെസ്റ്റ് കരിയറില്‍ നേടിയത്.

2009ല്‍ ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ മൂന്നാഴ്ചത്തെ വിന്‍ഡോ മാത്രമാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ അന്നത്തെ കോച്ച് പീറ്റര്‍ മൂര്‍സുമായുള്ള തര്‍ക്കവും ദേശീയ ഡ്യൂട്ടിയേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കാനുള്ള പീറ്റേഴ്‌സന്റെ തീരുമാനവും ബോര്‍ഡുമായുള്ള ബന്ധം വഷളാക്കി. തന്നെ വേട്ടയാടാന്‍ ഇസിബി മാധ്യമങ്ങളെ ഉപയോഗിച്ചതായും പീറ്റേഴ്‌സണ്‍ ആരോപിച്ചു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് എന്നീ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. 2025 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും പീറ്റേഴ്‌സണെ നിയമിച്ചിട്ടുണ്ട്.

YouTube video player