ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. തുടര്‍ വിജയങ്ങളുമായി എത്തുന്ന പഞ്ചാബ് ആത്മവിശ്വാസത്തിലാണെങ്കില്‍, പ്രമുഖ താരങ്ങളുടെ അഭാവവും ഫോമില്ലായ്മയും കൊല്‍ക്കത്തയെ അലട്ടുന്നു. 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. വമ്പന്‍ താരങ്ങളുണ്ടായിട്ടും വിജയവഴിയില്‍ എത്താതെ കിതയ്ക്കുന്ന ടീമാണ് കൊല്‍ക്കത്ത. പഞ്ചാബ് ആകട്ടെ എല്ലാ കളിയും ജയിച്ചാണ് വരുന്നത്. ഈഡനില്‍ കൊല്‍ക്കത്തയും പഞ്ചാബും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധാകേന്ദ്രം ശ്രേയസ് അയ്യര്‍. 2024ല്‍ കൊല്‍ക്കത്തയെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കിയ ശ്രേയസ് പഞ്ചാബിനെ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിച്ച നേതൃമികവുമായി കൊല്‍ക്കത്തയുടെ തട്ടകത്തില്‍.

പേസര്‍മാരായ മുസ്തഫിസുര്‍ റഹ്മാനും ഹര്‍ഷിത് റാണയും ആകാശ് ദീപും മതീഷ പതിരാനയും ടീമിന് പുറത്തായതോടെ കൊല്‍ക്കത്തയുടെ താളംതെറ്റി. സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും പതിവ് മികവിലേക്ക് എത്താതെ കിതച്ചതോടെ കൊല്‍ക്കത്തന്‍ തന്ത്രങ്ങളെല്ലാം പാളി. ആംക്രിഷ് രഘുവംശിയുടെ തുടര്‍ച്ചയായ അര്‍ധസെഞ്ച്വറിയുണ്ടെങ്കിലും അജിങ്ക്യ രഹാനെ നയിക്കുന്ന ബാറ്റിംഗ് നിരയിലും പ്രതിസന്ധികളേറെ. നൈറ്റ് റൈഡേഴ്‌സ് ഒന്നാകെ ഉണര്‍ന്നാലേ ഈഡനില്‍ ആരാധകര്‍ക്ക് സന്തോഷിക്കാനാവൂ.

ഹാട്രിക് ജയം ലക്ഷ്യടുന്ന പഞ്ചാബ് ആത്മവിശ്വാസത്തിന്റെ നിറവില്‍. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗിന്റെയും തകര്‍പ്പന്‍ തുടക്കം. നങ്കൂരമിടാന്‍ ശ്രേയസ് അയ്യര്‍. പവര്‍പ്ലേയുമായി കൂപ്പര്‍ കൊണോളി. അര്‍ഷ്ദീപ് സിംഗ്, മാര്‍ക്കോ യാന്‍സന്‍, വിജയ് കുമാര്‍ വൈശാഖ് പേസ് ത്രയത്തിനൊപ്പം ലഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെ പരിചയസമ്പത്ത് കൂടി ചേരുന്‌പോള്‍ പഞ്ചാബ് സൂപ്പര്‍ പവര്‍. നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ കൊല്‍ക്കത്ത. ഏറ്റുമുട്ടിയ 35 കളിയില്‍ കൊല്‍ക്കത്ത 21ലും പഞ്ചാബ് 12ലും ജയിച്ചു.

YouTube video player