വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 388 റണ്‍സടിച്ച് ക്രുനാല്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈക്കായും മികച്ച പ്രകടനമാണ് ക്രുനാല്‍ പുറത്തെടുത്തത്.

പൂനെ: ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ക്രുനാല്‍ പാണ്ഡ്യയെ എത്തിച്ചത്. ക്രുനാലിനെ ടീമിലെടുത്തപ്പോള്‍ നെറ്റി ചുളിഞ്ഞവരുടെയെല്ലാം സംശയം തീര്‍ക്കുന്ന പ്രകടനമായിരുന്നു ആദ്യ ഏകദിനത്തില്‍ തന്നെ താരം പുറത്തെടുത്തത്.

വമ്പനടിക്ക് പേരുകേട്ട അനിയന്‍ ഹര്‍ദ്ദിക് പാണ്ഡ്യ നിരാശപ്പെടുത്തി മടങ്ങിയപ്പോഴാണ് അരങ്ങേറ്റ മത്സരത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തപേരിലാക്കി ക്രുനാല്‍ ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡിട്ടാണ് ക്രീസ് വിട്ടത്.

Scroll to load tweet…

വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 388 റണ്‍സടിച്ച് ക്രുനാല്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈക്കായും മികച്ച പ്രകടനമാണ് ക്രുനാല്‍ പുറത്തെടുത്തത്. ഇതാണ് വിജയ് ഹസാരെയില്‍ തകര്‍ത്തടിച്ച ദേവ്ദത്ത് പടിക്കലിനെയും പൃഥ്വി ഷായെയും മറികടന്ന് ക്രുനാലിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.

രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ ക്രുനാലിന് ആവുമെന്ന വിശ്വാസത്തിലായിരുന്നു അത്. ആ വിശ്വാസം ശരിവെക്കുന്ന പ്രകടനമാണ് ക്രുനാല്‍ ഇന്ന് പുറത്തെടുത്തത്. ഇന്ത്യക്കായി മുമ്പ് 18 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ക്രുനാല്‍ ഇന്ന് ഏകദിന ക്യാപ് സമ്മാനിച്ചതിന് പിന്നാലെ വികാരാധീനനായി കണ്ണീരണിഞ്ഞിരുന്നു.