ഐപിഎല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച 15 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷിയെ പ്രശംസിച്ച് മഹേല ജയവര്‍ധനെ. 

ഗുവാഹത്തി: ഐപിഎല്‍ 2026ല്‍ വീണ്ടും വിസ്മയമായി മാറിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഭയമില്ലാതെ ബാറ്റ് ചെയ്ത ഈ കൗമാരതാരത്തിന്റെ വളര്‍ച്ചയില്‍ ആകാംക്ഷയുണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെ.

Add Asianetnews as a Preferred SourcegooglePreferred

ലോകോത്തര ബൗളര്‍ ജസ്പ്രിത് ബുംറയെ പോലും കടന്നാക്രമിച്ച വൈഭവിന്റെ ശൈലി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ''കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് തന്നെ അവന്‍ മികച്ച പ്രതിഭയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വൈഭവ് എങ്ങനെ മെച്ചപ്പെടുന്നുവെന്നത് കാണാന്‍ കൗതുകമുണ്ട്. അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ ശരിക്കും തകര്‍ത്തു കളഞ്ഞു.'' ജയവര്‍ധനെ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെറും 14 പന്തില്‍ നിന്ന് 39 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ബുംറ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തി വൈഭവ് തന്റെ കരുത്ത് കാട്ടി.

ബുംറയുടെ പന്തിന്റെ ലെങ്തില്‍ വന്ന ചെറിയ മാറ്റം പോലും വൈഭവ് മുതലാക്കിയെന്ന് ജയവര്‍ധനെ സമ്മതിച്ചു. വൈഭവിനൊപ്പം ഓപ്പണറായി ഇറങ്ങിയ യശ്വസി ജയ്സ്വാളിന്റെ പ്രകടനത്തെയും ജയവര്‍ധനെ പ്രശംസിച്ചു. 32 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടിയ ജയ്സ്വാള്‍ ഇന്നിംഗ്സ് അവസാനം വരെ നിലയുറപ്പിച്ചത് രാജസ്ഥാന് വലിയ വ്യത്യാസമുണ്ടാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ വെറും 5 ഓവറില്‍ 80 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ അടിച്ചെടുത്തത്. വെറും 2.4 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ഈ വെടിക്കെട്ട് തുടക്കം മുംബൈയെ കളിയില്‍ നിന്ന് തുടക്കത്തിലേ പുറത്താക്കി.

ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി 122 റണ്‍സ് വൈഭവ് നേടിയിട്ടുണ്ട്. 40-ന് മുകളില്‍ ശരാശരിയും മികച്ച സ്‌ട്രൈക്ക് റേറ്റുമുള്ള താരം നേരത്തെ 15 പന്തില്‍ അര്‍ധസെഞ്ച്വറി നേടി റെക്കോര്‍ഡ് ഇട്ടിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 27 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. ഈ വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

YouTube video player