കൊളംബൊ:ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കളിക്കാനാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ ഈ മാസം 26ന് നടക്കുന്ന ആദ്യ മത്സരത്തോടെ മലിംഗ ഏകദിന ജേഴ്‌സി അഴിക്കും. പിന്നീട് ടി20യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. 

ഏകദിനത്തില്‍ നിന്ന് വിരമിച്ചാലും ടി20 ലോകകപ്പ് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മലിംഗ  പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എന്നേക്കാളും മികച്ച താരങ്ങളുണ്ടായാല്‍ തീര്‍ച്ചയായും വഴിമാറികൊടുക്കും.'' കൊളംബോയില്‍ പരിശീലനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മലിംഗ. 

ഇക്കഴിഞ്ഞ ലോകകപ്പില്‍ ലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരാണ് മലിംഗ. ഇംഗ്ലണ്ടിനെതിരെ 43 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഏകദിനത്തില്‍ ലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് മലിംഗ. 219 ഇന്നിംഗ്സുകളില്‍ നിന്ന് 335 വിക്കറ്റാണ് താരം നേടിയത്. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്.