മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇതുവരെ തുടങ്ങാനായില്ല. മാഞ്ചസ്റ്ററിലെ കനത്ത മഴയാണ് രണ്ടാം ദിനത്തില്‍ വില്ലനായത്. രണ്ടാം ദിനം വിന്‍ഡീസ് ഒന്നിന് 32 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. 12 റണ്‍സെടുത്ത ജോണ്‍ ക്യാംപലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. സാം കറനായിരുന്നു വിക്കറ്റ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (6), അല്‍സാരി ജോസഫ് (14) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ ഒമ്പതിന് 469 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

176 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡൊമിനിക്ക് സിബ്ലി (120)യും സെഞ്ചുറി നേടിയിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനവുമായി റോസ്റ്റണ്‍ ചേസ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങി. നാലാം വിക്കറ്റില്‍ 260 റണ്‍സടിച്ചുകൂട്ടിയ സ്റ്റോക്‌സ്-സിബ്ലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നട്ടെല്ലായത്. 

സെഞ്ചുറി നേടിയതിന് പിന്നാലെ 120 റണ്‍സെടുത്ത സിബ്ലിയെ ചേസ് പുറത്താക്കിയെങ്കിലും ജോസ് ബട്ലറെ(40) കൂട്ടുപിടിച്ച് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 17 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 176 റണ്‍സടിച്ച സ്റ്റോക്‌സിനെ ഒടുവില്‍ കെമര്‍ റോച്ചാണ് വീഴ്ത്തിയത്. സ്റ്റോക്‌സും ബട്ലറും വീണതിന് പിന്നാലെ പെട്ടെന്ന് തകര്‍ന്ന ഇംഗ്ലണ്ടിനെ വാലറ്റത്ത് അവസാന വിക്കറ്റില്‍ 42 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഉയര്‍ത്തിയ ഡൊമനിക് ബെസ്സും(31) സ്റ്റുവര്‍ട്ട് ബ്രോഡും(11) ചേര്‍ന്നാണ് 450 കടത്തിയത്. 

വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് 172 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെമര്‍ റോച്ച് രണ്ടും അല്‍സാരി ജോസഫ് ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന്റെ വിജയശില്‍പിയായ ഷാനണ്‍ ഗബ്രിയേലിന് വിക്കറ്റൊന്നും നേടാനായില്ല.

മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍, സതാംപ്ടണില്‍ നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാവും.