മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം പിച്ചിലെ അപകടകരമായ ബൗണ്‍സിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു.ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരമാണ് പിച്ചിലെ അപകടകരമായ ബൗണ്‍സിനെത്തുടര്‍ന്ന് കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഉപേക്ഷിച്ചത്.

മത്സരം ഉപേക്ഷിക്കുമ്പോള്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന് വേദിയാവാനിരിക്കെയാണ് പിച്ചിന്റെ മോശം അവസ്ഥമൂലം മത്സരം ഉപേക്ഷിച്ചത്. പല പന്തുകളും ബാറ്റ്സ്മാന്റെ തലക്കു മേലെ കുത്തിയ ഉയര്‍ന്നതോടെ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെക്കുകയും പിന്നീട് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ ബോക്സിംഗ് ഡേ ടെസ്റ്റിന് ഉപയോഗിക്കുന്നത് വേറെ പിച്ചാണെന്നും ഇതേ ഗ്രൗണ്ടില്‍ ഇതിന് മുമ്പ് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ പീറ്റര്‍ റോച്ച് പറഞ്ഞു. 2017-2018 സീസണില്‍ ആഷസിലെ സമനിലയായ മത്സരത്തിനുശേഷം മെല്‍ബണിലെ പിച്ച് ഐസിസി വളരെ മോശം എന്ന് വിലയിരുത്തിയിരുന്നു. ഡിസംബര്‍ 26നാണ് ന്യൂസിലന്‍ഡിനെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാവുന്നത്.