സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക്് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ നാലിന് 101 എന്ന നിലയിലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ- ശിഖര്‍ ധവാന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ക്രിക്കറ്റ് ആരാധകര്‍ പലപ്പോഴും ധോണിയെ ആഗ്രഹിച്ചിരുന്നു. ധോണി ഫിനിഷറുടെ റോളിലുണ്ടായിരുന്നെങ്കില്‍ പ്രതീക്ഷയുണ്ടായേനെ എന്നായിരുന്നു ആരാധകരുടെ ചിന്ത. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും കമന്റേറ്ററുമായി മൈക്കള്‍ ഹോള്‍ഡിങ്ങും ഇതുതന്നെയാണ് പറയുന്നത്. ധോണിയുടെ അഭാവം ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടെന്നാണ് ഹോള്‍ഡിങ്ങിന്റെ പക്ഷം. ''ശരിയാണ് ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ധോണിയുടെ അഭാവം ടീമിനെ അലട്ടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്‌കോര്‍ പിന്തുടരുമ്പോള്‍ ധോണി കാണിക്കുന്ന ജാഗ്രത പലരും മറന്നുപോകുന്നു. 

ഇന്ത്യന്‍ നിരയില്‍ ലോകോത്തര താരങ്ങളുണ്ടെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ധോണിയെ പോലെ ഒരു താരത്തെ ഇന്ത്യക്ക് അത്യാവശ്യമാണ്. ധോണിയുടെ സാന്നിധ്യം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കും. ഇന്ത്യ റണ്‍സ് പിന്തുടരുമ്പോള്‍ ഒരിക്കല്‍ പോലും ധോണി ഭയപ്പെടുന്നതായി കണ്ടിട്ടില്ല. ക്രീസിലുള്ള സഹതാരവുമായി സംസാരിച്ച് ആത്മവിശ്വാസം നല്‍കി വിജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ ധോണി സഹായിക്കും. 

നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഫിനിഷറുടെ റോളില്‍ കളിക്കുന്നത്. എന്നാല്‍ പാണ്ഡ്യയെ ഒരിക്കലും ധോണിയുടെ പകരടക്കാരനായി കാണാന്‍ കഴിയില്ല. മധ്യനിരയില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് എത്രത്തോളം തിളങ്ങാനാകുമെന്ന് കണ്ടറിയണം.'' ഹോള്‍ഡിങ് പറഞ്ഞു.