ഈ വര്‍ഷം മാത്രം പത്ത് തവണയാണ് ബേണ്‍സ്-സിബ്ലി സഖ്യം പൂജ്യത്തിന് പുറത്തായത്. ഈവര്‍ഷത്തെ കണക്കെടുത്താല്‍ അവരുടെ കൂട്ടുകെട്ടുകള്‍ 37 ശതമാനവും രണ്ടാം ഓവര്‍ പിന്നിട്ടിട്ടില്ല. ശരിക്കും അന്തംവിട്ടുപോകുന്ന കണക്കുകളാണിത്.
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സിനെയും ഡൊമനിക് സിംബ്ലിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അടുത്ത ടെസ്റ്റിലെങ്കിലും ഡേവിഡ് മലനെ മൂന്നാം സ്ഥാനത്തു കളിപ്പിക്കാനും ഹസീബ് ഹമീദിനെ ഓപ്പണറായി ഇറക്കാനും ഇംഗ്ലണ്ട് തയാറാവണമെന്ന് വോണ്‍ ടെലഗ്രാഫിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
ഈ വര്‍ഷം മാത്രം പത്ത് തവണയാണ് ബേണ്‍സ്-സിബ്ലി സഖ്യം പൂജ്യത്തിന് പുറത്തായത്. ഈവര്‍ഷത്തെ കണക്കെടുത്താല്‍ അവരുടെ കൂട്ടുകെട്ടുകള്‍ 37 ശതമാനവും രണ്ടാം ഓവര്‍ പിന്നിട്ടിട്ടില്ല. ശരിക്കും അന്തംവിട്ടുപോകുന്ന കണക്കുകളാണിത്. ഇത് ശരിയാവില്ല. അവരെവെച്ചു തന്നെ തുടരാന്‍ തീരുമാനിക്കുന്നത് ശരിക്കും ഭ്രാന്തിന്റെ ലക്ഷണമല്ലാതെ മറ്റെന്താണ്. ഇംഗ്ലണ്ടിന് ടോപ് ഓര്‍ഡറില്‍ കുറച്ചു സ്ഥിരതയാണ് ഇപ്പോള്‍ വേണ്ടത്. ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റ് കഴിഞ്ഞാല്‍ ആഷസിലേക്കാണ് അവര്‍ പോവുന്നത്.
ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ അടുത്ത മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യക്കെതിരെ തിരിച്ചുവരുന്ന കാര്യം ഇംഗ്ലണ്ട് ചിന്തിക്കേണ്ട. ലോര്‍ഡ്‌സിലെ തോല്‍വി ഇംഗ്ലണ്ടിനെ അത്രമാത്രം ഉലച്ചിട്ടുണ്ട്. കഴിഞ്ഞ ആഷസില്‍ 67 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായിട്ടുണ്ട്. പക്ഷെ അവരെ ആ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് സ്റ്റോക്‌സിന്റെ അവിശ്വസനീയ ഇന്നിംഗ്‌സായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ആഷസില്‍ സ്റ്റോക്‌സ് പുറത്തെടുത്തതുപോലൊരു അവിശ്വസനീയ പ്രകടനം ആരെങ്കിലും പുറത്തെടുത്തില്ലെങ്കില്‍ ഇന്ത്യക്കെതിരായ വരും ടെസ്റ്റുകളിലും ഇംഗ്ലണ്ട് പ്രതീക്ഷ വെക്കേണ്ട. നിലവിലെ സാഹചര്യത്തില്‍ അതിന് കഴിയുന്ന ഒരേയൊരു താരം ജോ റൂട്ട് തന്നെയാണെന്നും വോണ്‍ പറഞ്ഞു. ലോർഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബേണ്‍സും സിബ്ലിയും പൂജ്യത്തിന് പുറത്തായിരുന്നു.
