ഹര്‍മന്‍പ്രീതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ഫോമില്ലായ്മയും ചൂണ്ടിക്കാട്ടിയ മിതാലി, ടി20-യില്‍ ഷെഫാലി വര്‍മ്മയെപ്പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അഭിപ്രായപ്പെട്ടു. ടീമിന് ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള ഒരു റോഡ് മാപ്പ് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദില്ലി: ഇന്ത്യന്‍ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തേക്ക് സ്മൃതി മന്ദാനയെ കൊണ്ടുവരാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഹര്‍മന്‍പ്രീത് കൗറിന് ശേഷം സ്മൃതിക്ക് ഈ ചുമതല നല്‍കണമെന്നും, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ അവര്‍ക്ക് ഈ പദവി ലഭിക്കേണ്ടതായിരുന്നുവെന്നും മിതാലി അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പുറത്താകലിന് പിന്നാലെ പിടിഐയോട് സംസാരിക്കുകയായിരുന്നു മിതാലി. തുടര്‍ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ടീമിനെ ചരിത്രവിജയത്തിലേക്ക് നയിച്ചെങ്കിലും, ഹര്‍മന്‍പ്രീതിന്റെ നായകത്വത്തിന് മേല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍, ഒരു ടൂര്‍ണമെന്റിലെ പരാജയം കൊണ്ട് മാത്രം നായകനെ മാറ്റേണ്ടതില്ലെന്ന് മിതാലി വ്യക്തമാക്കി. പകരം ടീം മാനേജ്മെന്റ് പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഹര്‍മന്‍പ്രീതിന്റെ ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങളാണ് മിതാലി പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ''കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി ഓരോ മത്സരത്തിലും ഹര്‍മന്‍പ്രീതിനെ ചികിത്സിക്കാന്‍ ഫിസിയോയെ ആവശ്യമായി വരുന്നുണ്ട്. പല മത്സരങ്ങളിലും അവര്‍ക്ക് കളിക്കാനും സാധിച്ചില്ല. ഒരു ക്യാപ്റ്റന്‍ എപ്പോഴും ഫിറ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. നിര്‍ഭാഗ്യവശാല്‍ പ്രായം കൂടുന്നത് അനുസരിച്ച് ഫിറ്റ്‌നസ് നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്.'' മിതാലി പറഞ്ഞു.
കൂടാതെ, ഐസിസി ടൂര്‍ണമെന്റുകളിലെ ബാറ്റിംഗ് ഫോമിലെ പാറ്റേണും അവര്‍ ചോദ്യം ചെയ്തു. അടുത്ത ഏകദിന, ടി20 ലോകകപ്പ് സൈക്കിളിലേക്ക് ഹര്‍മന്‍പ്രീത് ടീമിന്റെ ഭാഗമായിരിക്കുമോ എന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കണം. അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം ക്യാപ്റ്റന് മാത്രമാണെന്ന് കരുതുന്നില്ലെന്നും കോച്ച് അമോല്‍ മുസുംദാര്‍ക്കും ഇതില്‍ തുല്യ പങ്കുണ്ടെന്നും മിതാലി ഓര്‍മ്മിപ്പിച്ചു. നീണ്ട ഫോര്‍മാറ്റുകളില്‍ സ്മൃതി മന്ദാന തന്നെ നായികയാകണമെന്നതില്‍ മിതാലിക്ക് സംശയമില്ല.
എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് മിതാലിയുടെ പക്ഷം. ടി20 ക്യാപ്റ്റനായി ഷെഫാലി വര്‍മ്മയെയാണ് മിതാലി നിര്‍ദ്ദേശിക്കുന്നത്. ''ഷെഫാലിയുടെ പ്രധാന ഫോര്‍മാറ്റ് ടി20 ആണ്. കൂടാതെ അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച അനുഭവപരിചയവും അവര്‍ക്കുണ്ട്. ജെമിമ റോഡ്രിഗസിനെയും ഒരു ഓപ്ഷനായി പരിഗണിക്കാം, പക്ഷെ ആരെ തിരഞ്ഞെടുത്താലും അവര്‍ക്ക് പക്വത വരാന്‍ സമയം നല്‍കണം.'' മിതാലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിന് ദീര്‍ഘകാലമായുള്ള ഒരു റോഡ് മാപ്പ് ഇല്ലെന്നും, പരമ്പരകള്‍ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നത് ടീമിന് തിരിച്ചടിയാണെന്നും മിതാലി കുറ്റപ്പെടുത്തി. ഫിറ്റ്‌നസ്, ഫീല്‍ഡിംഗ് നിലവാരം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ടീമില്‍ കൂടുതല്‍ ഫിനിഷര്‍മാരെ വളര്‍ത്തേണ്ടതിനെക്കുറിച്ചും മിതാലി ഓര്‍മിപ്പിച്ചു.

