മൊഹാലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൊഹാലി ടി20ക്ക് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിലെ 'പിച്ച് മാന്‍' ദല്‍ജിത് സിംഗിനെ ബിസിസിഐ ആദരിക്കും. ബിസിസിഐ ചീഫ് ക്യുറേറ്ററായ ദല്‍ജിത്തിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ആദരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷത്തോളമായി ഇന്ത്യന്‍ പിച്ചുകള്‍ക്ക് പിന്നിലെ മാന്ത്രിക കൈയായാണ് ദല്‍ജിത് അറിയപ്പെടുന്നത്.

ബിസിസിഐ പിച്ച് കമ്മറ്റിയില്‍ നിന്ന് വിരമിക്കുന്ന ദല്‍ജിത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരുക്കുന്ന അവസാന പിച്ചാകും മൊഹാലിയിലേത്. 20 വര്‍ഷത്തിലധികം മൊഹാലിയില്‍ പിച്ചുണ്ടാക്കിയത് ദല്‍ജിത്താണ്. 2012 മുതല്‍ ബിസിസിഐ പിച്ച് കമ്മിറ്റിയില്‍ അംഗമായിരുന്നു. ബിസിസിഐയുടെ 'ഗ്രൗണ്ട്‌സ് ആന്‍ഡ്‌സ് പിച്ചസ്' കമ്മിറ്റിയുടെ തലവനായി രണ്ടുതവണ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പിച്ചുകളില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിവെച്ച ദല്‍ജിത്  ഹോം ടീമിന് സഹായകമാകുന്ന പിച്ചിന് പകരം സ്‌പോര്‍ടിംഗ് പിച്ചുകളുണ്ടാക്കുന്നതിനായി വാദിച്ചു. 

ഇന്ന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്ക് ഒരുക്കുന്നത് റണ്ണൊഴുകുന്ന പിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്.