ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തുമെന്ന് പാക് മുന്‍ താരം മുഹമ്മദ് ആമിര്‍. 

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുമെന്ന വിവാദ പ്രവചനവുമായി പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ആമിര്‍. ഞായറാഴ്ച്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് കിരീടമുയര്‍ത്തുമെന്നാണ് ആമിറിന്റെ പുതിയ പ്രവചനം. ഇന്ത്യ സെമി കാണാതെ പുറത്താകുമെന്നും പിന്നീട് ഫൈനലില്‍ എത്തില്ലെന്നും അമീര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട് പ്രവചനങ്ങളും തെറ്റിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്.

സൂപ്പര്‍ 8-ല്‍ വെസ്റ്റ് ഇന്‍ഡീസിനെയും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെയും തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. എന്നാല്‍ ബൗളിംഗിലും ഫീല്‍ഡിംഗിലും കിവികള്‍ക്കാണ് മുന്‍തൂക്കമെന്ന് അമീര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ അവകാശപ്പെട്ടു.

ആമിറിന്റെ വാക്കുകള്‍.. ''ഇത് മുംബൈയിലെ പിച്ച് പോലെയാകില്ല. അഹമ്മദാബാദില്‍ പേസും ബൗണ്‍സും ഉണ്ടാകും. ന്യൂസിലന്‍ഡ് ഇന്ത്യയെ കടുത്ത രീതിയില്‍ പരീക്ഷിക്കും. രണ്ട് ടീമുകളും ഫൈനലില്‍ എത്തിയത് വലിയ കാര്യമാണ്. എങ്കിലും ബൗളിംഗ്, ഫീല്‍ഡിംഗ് കരുത്തില്‍ ന്യൂസിലന്‍ഡിന് ചെറിയൊരു മുന്‍തൂക്കമുണ്ടെന്ന് ഞാന്‍ കരുതുന്നു.'' ആമിര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരുന്നെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസണിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ക്യാച്ചുകള്‍ ഹാരി ബ്രൂക്കും ടോം ബാന്റണും കൈവിട്ടത് മത്സരഗതി മാറ്റി. ഇംഗ്ലണ്ട് വരുത്തിയ ഇത്തരം പിഴവുകള്‍ ന്യൂസിലന്‍ഡ് ആവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് ആമിര്‍ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും വിജയിച്ച ഇന്ത്യ, സൂപ്പര്‍ 8-ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരെ പരാജയപ്പെടുത്തി മികച്ച ഫോമിലാണ്. ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ രാജ്യമെന്ന നേട്ടവുമാണ് സൂര്യകുമാറിന്റെ ഇന്ത്യ ലക്ഷ്യമിടുന്നത്.

YouTube video player