തിരിച്ചുവരവിൽ ആദ്യ പന്തിൽ വിക്കറ്റെടുത്ത് ഷമിയുടെ പ്രതികാരം; അനായാസ ക്യാച്ച് കൈവിട്ട് ജഡേജ
ബുമ്രയും സിറാജും കൂടി എട്ടോവര്‍ പൂര്‍ത്തിയാക്കിയശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിച്ചത്. തന്‍റെ ആദ്യ പന്തില്‍ തന്നെ ഷമി വില്‍ യങിനെ ബൗള്‍ഡാക്കിയാണ് തുടങ്ങിയത്.

ധരംശാല: ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ പുറത്തിരുന്നശേഷം ആദ്യമായി പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചപ്പോള്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് പേസര്‍ മുഹമ്മദ് ഷമി. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇന്ത്യന്‍ ബൗളിംഗ് ആക്രമണം തുടങ്ങിയത്. മെയ്ഡന്‍ ഓവര്‍ എറിഞ്ഞാണ് ബുമ്ര തുടങ്ങിയത്.നാലാം ഓവറില്‍ മുഹമ്മദ് സിറാജ് ഡെവോണ്‍ കോണ്‍വെയെ സ്ക്വയര്‍ ലെഗ്ഗില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി.
ബുമ്രയും സിറാജും കൂടി എട്ടോവര്‍ പൂര്‍ത്തിയാക്കിയശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിച്ചത്. തന്‍റെ ആദ്യ പന്തില്‍ തന്നെ ഷമി വില്‍ യങിനെ ബൗള്‍ഡാക്കിയാണ് തുടങ്ങിയത്. നാലു മത്സരങ്ങളിള്‍ പുറത്തിരുന്നശേഷം കിട്ടിയ അവസരം ഷമി ആദ്യ പന്തില്‍ തന്നെ മുതലാക്കി.തന്‍റെ രണ്ടാം ഓവറിലും ഷമി വിക്കറ്റ് വീഴ്ത്തേണ്ടതായിരുന്നു.
ഷമിയുടെ പന്തില്‍ രചിന്‍ രവീന്ദ്ര നല്‍കിയ അനായാസ ക്യാച്ച് രവീന്ദ്ര ജഡേജ അവിശ്വസനീയമായി നിലത്തിട്ടില്ലായിരുന്നെങ്കില്‍ തുടക്കത്തിലെ കിവികളുടെ ചിറകരിയാന്‍ ഇന്ത്യക്കാവുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലടക്കം കിവീസിനായി തകര്‍ത്തടിച്ച രചിന്‍ രവീന്ദ്രയെ കൈവിട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നേരത്തെ ടോസ് നേടിയ ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്യുകയാണ്.
ആദ്യ നാലു മത്സരങ്ങളിലും ഇന്ത്യ റണ്‍സ് പിന്തുടര്‍ന്നാണ് ജയിച്ചത്. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവും പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയുമാണ് ഇന്ന് ഇന്ത്യന്‍ ഇലവനില്‍ ഇടം നേടിയത്. 10 ഓവറിനുള്ളില്‍ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ചാരില്‍ മിച്ചലിലൂടെയും രചിന്‍ രവീന്ദ്രയിലൂടെയും കിവീസ് തിരിച്ചടിക്കുകയാണിപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക