Asianet News MalayalamAsianet News Malayalam

അന്ന് സെഞ്ചൂറിയൻ ടെസ്റ്റിൽ വിറപ്പിച്ചു വിട്ടു, പിന്നാലെ മോർണി മോര്‍ക്കലിനെ വിശ്വസ്തനായി കൂടെക്കൂട്ടി ഗംഭീർ

ഐപിഎല്ലില്‍ ഗംഭീര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നപ്പോഴും ബൗളിംഗ് പരിശീലകനായി മോര്‍ക്കല്‍ കൂടെയുണ്ടായിരുന്നു.

Morne Morkel's fiery spell against Indian Coach Gautam Gambhir in 2010 Centurion Test
Author
First Published Aug 14, 2024, 10:37 PM IST | Last Updated Aug 14, 2024, 10:37 PM IST

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ബൗളിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം മോര്‍ണി മോര്‍ക്കൽ ചുമതലയേല്‍ക്കുമ്പോള്‍ അതിന് കാരണമായത് മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്‍റെ ഉറച്ച നിലപാട്. 2023ലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ബൗളിംഗ് പരിശീലകനായിരുന്ന മോര്‍ക്കല്‍ പരിശീലകനെന്ന നിലയില്‍ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലെങ്കിലും ഗംഭീറിന്‍റെ വിശ്വസ്തരില്‍ ഒരാളായാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ പൊതുവെ അറിയപ്പെടുന്നത്.

ഐപിഎല്ലില്‍ ഗംഭീര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്നപ്പോഴും ബൗളിംഗ് പരിശീലകനായി മോര്‍ക്കല്‍ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് മെന്‍ററായി പോയയെങ്കിലും മോര്‍ക്കല്‍ ലഖ്നൗവില്‍ തുടര്‍ന്നു. ഗംഭീര്‍ കൊല്‍ക്കത്ത നായകനായിരുന്നപ്പോഴും മോര്‍ക്കലിനെ ബൗളറായി കൊല്‍ക്കത്ത ടീമിലെത്തിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 2014-2015 സീസണില്‍ മോര്‍ക്കല്‍ കൊല്‍ക്കത്തക്കായി ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. കരിയറില്‍ താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറാണ് മോര്‍ക്കലെന്ന് ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് നിരാശ, വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തർക്കപരിഹാര കോടതിയും; ഗുസ്തിയില്‍ വെള്ളി മെഡല്‍ ഇല്ല

മോര്‍ക്കലിന്‍റെ കഴിവില്‍ ഗംഭീറിന് മതിപ്പ് തോന്നാന്‍ കാരണം 2010-2011ലെ സെഞ്ചൂറിയന്‍ ടെസ്റ്റാണ്. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ഗംഭീറും സെവാഗുമായിരുന്നു. സെവാഗിനെ തുടക്കത്തിലെ ഡെയ്ല്‍ സ്റ്റെയ്ന്‍ പുറത്താക്കിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ മോര്‍ക്കല്‍ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒരു മണിക്കൂറോളം ക്രീസില്‍ നിന്നെങ്കിലും മോര്‍ക്കലിന്‍റെ പന്തുകള്‍ നേരിടാനാവാതെ ഗംഭീര്‍ വിയര്‍ത്തു.

ആ സമയത്ത് ഇന്ത്യൻ പരിശീലക സ്ഥാനത്ത് ഗംഭീറിന്‍റെ മുന്‍ഗാമിയായിരുന്ന രാഹുല്‍ ദ്രാവിഡായിരുന്നു ക്രീസില്‍ മറുവശത്തുണ്ടായിരുന്നത്. ദ്രാവിഡിനെയും മോര്‍ക്കല്‍ തുടര്‍ച്ചയായി പരീക്ഷിച്ചു. പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട ഗംഭീര്‍ 43 പന്തുകള്‍ നേരിട്ടെങ്കിലും അഞ്ച് റണ്‍സെടുത്ത് ഒടുവില്‍ മോർക്കലിന് മുന്നില്‍ മുട്ടുമടക്കി. അതിന് മുമ്പ് മോര്‍ക്കലിന്‍റെ പന്തില്‍ ഗംഭീര്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും അമ്പയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി 86 ടെസ്റ്റിലും 117 ഏകദിനത്തിലും 44 ടി20മത്സരങ്ങളിലും കളിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനാകുന്നത്. സെപ്റ്റംബര്‍ 19ന് ബംഗ്ലാദേശിനെതിരെ തുടങ്ങുന്ന ടെസ്റ്റാവും മോര്‍ക്കലിന്‍റെ ആദ്യ ചുമതല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios