10 ഓവറില്‍ 'സെഞ്ചുറി' അടിച്ച് നെതര്‍ലന്‍ഡ്സിന്‍റെ ബാസ് ഡി ലീഡ്, നാണക്കേടിന്‍റെ റെക്കോര്‍ഡ്
പത്ത് ഓവറിൽ 113 റണ്‍സ് വിട്ടുകൊടുത്ത ഓസ്ട്രേലിയൻ താരം ആദം സാംപയുടെ പേരിലായിരുന്നു ഇതുവരെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ്.

ദില്ലി: ഏകദിന ക്രിക്കറ്റിൽ ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ റണ്‍സ് വഴങ്ങിയ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി നെതര്‍ലൻഡ്സ് താരം ബാസ് ഡീ ലീഡിക്ക്. ഇന്നലെ ഓസ്ട്രേലിയക്കെതിരെ ദില്ലി അരുണ്‍ ജെയ്റ്റ‌്ലി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് പോരാട്ടത്തില്‍ പത്ത് ഓവറിൽ ലീഡ് 115 റണ്‍സാണ് വഴങ്ങിയത്.
ഇന്നലെ ഓസ്ട്രേലിയക്കെതിരെ ബാസ് ഡി ലീഡ് എറിഞ്ഞ 49-ാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്‍ 28 റണ്‍സാണ് അടിച്ചു പറത്തിയത്. അതിന് മുമ്പെറിഞ്ഞ ഓവറില്‍ 15 റണ്‍സും ഡി ലീഡ് വഴങ്ങിയിരുന്നു. തന്‍റെ അവസാന രണ്ടോവറില്‍ 43 റണ്‍സ് വഴങ്ങിയതോടെയാണ് ഡി ലീഡ് 100 പിന്നിട്ടത്. നേരത്തെ മാര്‍നസ് ലാബുഷെയ്നിന്‍റെയും ജോഷ് ഇംഗ്ലിസിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി ലീഡ് തിളങ്ങിയിരുന്നു. അവസാന പത്തോവറില്‍ 131 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. നെതര്‍ലന്‍ഡ്സ് ബൗളര്‍ വാന്‍ ബീക്ക് 10 ഓവറില്‍ 74 റണ്‍സ് വഴങ്ങിയെങ്കിലും നാലു വിക്കറ്റെടുത്തു.
ഐസിസി ഏകദിന റാങ്കിംഗ്: രോഹിത്തിനെ പിന്തള്ളി കോലി, ബാബറിനെ മറികടക്കാനാവാതെ ഗില്‍
പത്ത് ഓവറിൽ 113 റണ്‍സ് വിട്ടുകൊടുത്ത ഓസ്ട്രേലിയൻ താരം ആദം സാംപയുടെ പേരിലായിരുന്നു ഇതുവരെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ്. ഓസ്ട്രേലിയൻ താരം മൈക്ക് ലൂയിസും 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയിട്ടുണ്ട്. പാക് താരം വഹാബ് റിയാസ് പത്തോവറില്‍ 110 റണ്‍സ് വിട്ടുകൊടുത്തപ്പോൾ 2019ൽ ഇംഗ്ലണ്ടിനെതിരെ 9 ഓവറിൽ 110 റണ്‍സ് വിട്ടുകൊടുത്ത അഫ്ഗാനിസ്ഥാന്‍റെ സൂപ്പര്‍ താരം റാഷിദ് ഖാനും ലിസ്റ്റിലുണ്ട്.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഡേവിഡ് വാര്‍ണറുടയെും ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 399 റണ്‍സടിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്‍റെ മറുപടി 21 ഓവറില്‍ 90 റണ്‍സില്‍ അവസാനിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക