ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത മൂന്നാമത്തെ ന്യൂസിലന്‍ഡ് ബൗളര്‍ എന്ന നാണക്കേടില്‍ ഇടംപിടിച്ചു ജേക്കബ് ഡഫി

ഇന്‍ഡോര്‍: രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ് കൊണ്ട് താണ്ഡവമാടിയ ഇന്‍ഡോര്‍ ഏകദിനത്തില്‍ നാണംകെട്ട് ന്യൂസിലന്‍ഡ് ബൗളര്‍ ജേക്കബ് ഡഫി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ ഡഫി 100 റണ്‍സാണ് വഴങ്ങിയത്. 

ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത മൂന്നാമത്തെ ന്യൂസിലന്‍ഡ് ബൗളര്‍ എന്ന നാണക്കേടില്‍ ഇടംപിടിച്ചു ജേക്കബ് ഡഫി. 2009ല്‍ ഇന്ത്യക്കെതിരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 105 റണ്‍സ് വഴങ്ങിയ ടിം സൗത്തിയാണ് പട്ടികയില്‍ മുന്നില്‍. ഓവലില്‍ 1983ല്‍ 12 ഓവറില്‍ ഇംഗ്ലണ്ടിന് 105 റണ്‍സ് എറിഞ്ഞുനല്‍കിയ മാര്‍ട്ടിന്‍ സ്‌നെഡെനും മാത്രമേ നാണക്കേടിന്‍റെ പട്ടികയില്‍ ജേക്കബ് ഡഫിക്ക് മുന്നിലുള്ളൂ. ഇന്‍ഡോര്‍ ഏകദിനത്തില്‍ 10 ഓവറും എറിഞ്ഞവരില്‍ ലോക്കീ ഫെര്‍ഗ്യൂസനും(53 റണ്‍സ്), മിച്ചല്‍ സാന്‍റ്‌നറും(58 റണ്‍സ്) മാത്രമേ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞുള്ളൂ. ലോക്കിക്ക് 5.30 ഉം സാന്‍റ്‌നറിന് 5.80 ഉം ആയിരുന്നു ഇക്കോണമി. 10 ഓവര്‍ എറിഞ്ഞ മറ്റൊരു താരമായ ബ്ലെയര്‍ ടിക്‌നെര്‍ 76 റണ്‍സും നാല് ഓവറില്‍ ഡാരില്‍ മിച്ചല്‍ 41 റണ്‍സും ആറ് ഓവറില്‍ മൈക്കല്‍ ബ്രേസ്‌വെല്‍ 51 റണ്‍സും വിട്ടുകൊടുത്തു. റണ്ണൊഴുക്കിനിടയിലും ഡഫിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു എന്നത് മാത്രമാണ് ആശ്വാസം. ടിക്‌നെറും മൂന്ന് പേരെ പുറത്താക്കി. 

ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രോഹിത് ശര്‍മ്മ(101), ശുഭ്മാന്‍ ഗില്‍(112) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ 9 വിക്കറ്റിന് 385 റണ്‍സ് അടിച്ചെടുത്തു. ഒന്നാം വിക്കറ്റില്‍ ഗില്‍-രോഹിത് സഖ്യം 212 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിരാട് കോലി(36), ഇഷാന്‍ കിഷന്‍(17), സൂര്യകുമാര്‍ യാദവ്(14), ഹാര്‍ദിക് പാണ്ഡ്യ(38 പന്തില്‍ 54), വാഷിംഗ്‌ടണ്‍ സുന്ദര്‍(9), ഷര്‍ദ്ദുല്‍ ഠാക്കൂര്‍(25), കുല്‍ദീപ് യാദവ്(3), ഉമ്രാന്‍ മാലിക്(2*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. 

രോഹിത്തിനും ഗില്ലിനും മറുപടി നല്‍കാനാവാതെ കിവീസ്; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍