വെല്ലിങ്ടണ്‍: മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ആദരം. രാജ്യത്തിനായി 200ല്‍ കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച താരങ്ങളുടെ ജേഴ്‌സികള്‍ പിന്‍വലിച്ചാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് മുന്‍ താരങ്ങളോടുള്ള ആദരവ് പ്രകടമാക്കിയത്. ആ താരങ്ങളുടെ നമ്പറുള്ള ജേ്‌ഴ്‌സികള്‍ ഇനി മറ്റു ന്യൂസിലന്‍ഡ് താരങ്ങള്‍ അണിയില്ല. 

291 ഏകദിനങ്ങള്‍ കളിച്ച ഡാനിയേല്‍ വെട്ടോറിയാണ് മുന്നില്‍. 11ാം നമ്പര്‍ ജേഴ്‌സിയായിരുന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ വോട്ടോറിയുടേത്. ട്വിറ്ററിലൂടെയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോഴത്തെ താരങ്ങള്‍ക്ക് പുതിയ നമ്പറും നല്‍കിയിട്ടുണ്ട്. 

ഈ മാസം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയക്കുള്ള ടീമിലെ കളിക്കാരുടെ ജേഴ്സി കഴിഞ്ഞ ആഴ്ച ന്യസിലന്‍ഡ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് പുതിയ നമ്പറുകള്‍ വ്യക്തമായത്. മത്സരത്തിനിടെ മരിച്ച ഓസീസ് താരം ഫില്‍ ഹ്യൂസിന്റെ ജേഴ്സി ക്രിക്കറ്റ് ഓസ്ട്രേലിയ അദ്ദേഹത്തോടുള്ള ആദരസൂചകമായി പിന്‍വലിച്ചിരുന്നു.