Asianet News MalayalamAsianet News Malayalam

'രാഹുല്‍ ഒരേ പൊളി, അയ്യര്‍ ഉയിര്‍'; ബാറ്റിംഗ് പൂരത്തെ വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം

ഇരുവരുടെയും ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. കന്നി സെഞ്ചുറി നേടിയ ശ്രേയസിനെ അഭിനന്ദിച്ച് വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ള ഇതിഹാസ താരങ്ങളെത്തി.

New Zealand vs India 1st odi Fans Praises Shreyas Iyer and KL Rahul
Author
Hamilton, First Published Feb 5, 2020, 11:58 AM IST

ഹാമില്‍ട്ടണ്‍: 'മധ്യനിരയില്‍ ടീം ഇന്ത്യ കാത്തിരുന്ന നാലാം നമ്പര്‍ ഈ താരമാണ്'. ന്യൂസിലന്‍ഡിനെതിരെ കന്നി ഏകദിന സെഞ്ചുറിയുമായി(103 റണ്‍സ്) ശ്രേയസ് അയ്യര്‍ വീണ്ടും തന്‍റെ ബാറ്റിംഗ് പൊസിഷന്‍ തെളിയിച്ചിരിക്കുന്നു. കെ എല്‍ രാഹുലാവട്ടെ ഇന്ത്യയുടെ 'മിസ്റ്റര്‍ 360' എന്ന വിശേഷണത്തോടെ ഏത് പൊസിഷനിലും ഏത് തലത്തിലും കളിക്കാനാകുമെന്നും വ്യക്തമാക്കി.

ഹാമില്‍ട്ടണ്‍ ഏകദിനം ഇന്ത്യയുടെ ബാറ്റിംഗ് വിരുന്നായപ്പോള്‍ ആരാധകര്‍ ത്രില്ലിലാണ്. ടി20 പരമ്പരയിലെ ഫോം ആദ്യ ഏകദിനത്തിലും ആവര്‍ത്തിക്കുകയായിരുന്നു ശ്രേയസും രാഹുലും. രണ്ട് വിക്കറ്റ് നഷ്‌ടമായ ശേഷം ടീം ഇന്ത്യയെ കോലിക്കൊപ്പം സുരക്ഷിത നിലയിലെത്തിക്കുകയായിരുന്നു ശ്രേയസ്. അതേസമയം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് വെടിക്കെട്ട് ഇന്നിംഗ്‌സുമായി നയിക്കുകയായിരുന്നു രാഹുല്‍.

ഇരുവരുടെയും ബാറ്റിംഗിനെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. കന്നി സെഞ്ചുറി നേടിയ ശ്രേയസിനെ അഭിനന്ദിച്ച് വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ള ഇതിഹാസ താരങ്ങളെത്തി. അതേസമയം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത രാഹുല്‍ 'ഒരേ പൊളി'യും 'മിസ്റ്റര്‍ 360'യും ആണെന്ന് ആരാധകര്‍ പറയുന്നു. മത്സരത്തില്‍ എബിഡി സ്റ്റൈലില്‍ റിവേഴ്‌സ് സ്വീപ്പ് സിക്‌സ് പായിച്ചിരുന്നു രാഹുല്‍. 

ശ്രേയസ് അയ്യരും കെ എല്‍ രാഹുലും വിരാട് കോലിയും തകര്‍ത്തടിച്ചപ്പോള്‍ ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടി. നീലപ്പട 50 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തു. ശ്രേയസ് (103), രാഹുല്‍(88*), കോലി(51), എന്നിങ്ങനെയാണ് സ്‌കോര്‍. രാഹുല്‍ 64 പന്തില്‍ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറും സഹിതമാണ് 88 റണ്‍സെടുത്തത്. 15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവിന്‍റെ പ്രകടനവും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. 

Follow Us:
Download App:
  • android
  • ios