ധോണിയോളം മഹത്തരമായി മറ്റൊരു താരവും ഇന്ത്യയെ പ്രതിനിധാനം ചെയ്‌തിട്ടില്ലെന്ന് കപില്‍ദേവ്. ധോണിയെ ബഹുമാനിക്കണമെന്ന് ആഹ്വാനം. 

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെ പ്രശംസകൊണ്ട് മൂടി ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ദേവ്. ധോണിയെ കുറിച്ച് തനിക്കൊന്നും മോശമായി പറയാനില്ല. അദേഹം രാജ്യത്തിനായി മഹത്തായ സേവനങ്ങള്‍ ചെയ്തു. ധോണിയെ ബഹുമാനിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ പറഞ്ഞു.

എത്ര കാലത്തോളം ധോണി ഇനി കളിക്കുമെന്നും ശരീരം ജോലിഭാരം താങ്ങുമെന്നും നമുക്ക് പറയാനാവില്ല. എന്നാല്‍ ധോണിയോളം മഹത്തരമായി മറ്റൊരു താരവും ഇന്ത്യയെ പ്രതിനിധാനം ചെയ്‌തിട്ടില്ല. ധോണിക്ക് ആശംസകള്‍ നേരുകയാണ് വേണ്ടത്. ഈ ലോകകപ്പും ധോണി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ ദേവ് പറഞ്ഞു. 

എന്നാല്‍ ലോകകപ്പ് നേടുക ഇന്ത്യന്‍ ടീമിന് എളുപ്പമാകില്ലെന്നും കപില്‍ വ്യക്തമാക്കി. കരുത്തുറ്റതാണ് ഈ ഇന്ത്യന്‍ ടീം. എന്നാല്‍ കപ്പുയര്‍ത്തുക അത്ര എളുപ്പമല്ല. ടീം സ്‌പിരിറ്റോടെ കളിക്കണം. താരങ്ങള്‍ക്ക് പരുക്ക് പറ്റാതിരിക്കട്ടെ എന്ന് ആശിക്കുന്നു. ഭാഗ്യത്തിന്‍റെ തുണയുണ്ടെങ്കില്‍ ഇന്ത്യന്‍ ലോകകപ്പ് ജേതാക്കളാകുമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതിനോട് മുന്‍ നായകന്‍റെ പ്രതികരണമിങ്ങനെ. സെലക്‌ടര്‍മാര്‍ അവരുടെ ജോലി നിര്‍വഹിച്ചു. അവരെ ബഹുമാനിക്കുകയാണ് വേണ്ടത്. സെലക്‌ടര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കപില്‍ വ്യക്തമാക്കി.