മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 4-0ന് തൂത്തുവാരുമെന്ന് പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. മുന്‍ ഓസീസ് താരമായ ബ്രാഡ് ഹാഡിനും ഇന്നലെ സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

പരമ്പരയില്‍ എന്തെങ്കിലും സാധ്യത നിലനിര്‍ത്തണമെങ്കില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിക്കണമായിരുന്നു. ഇന്ത്യക്ക് സാധ്യതയുള്ളതും അഡ്‌ലെയ്ഡിലായിരുന്നു. കാരണം ക്യാപ്റ്റന്‍ വിരാട് കോലി ടീമിലുണ്ടെന്നത് തന്നെ. മാത്രമല്ല അഡ്‌ലെയ്ഡിലെ സാഹചര്യങ്ങളും ഇന്ത്യക്ക് അനുകൂലമായിരുന്നു.

എന്നാല്‍ മൂന്നാം ദിവസം തന്നെ അഡ്‌ലെയ്ഡില്‍ ോല്‍വി സമ്മതിച്ച ഇന്ത്യ ഇനി എങ്ങനെ തിരിച്ചുവരുമെന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്. എന്തായാലും തിരിച്ചുവരവിന് യാതൊരു സാധ്യതയും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. പരമ്പര 4-0ന് ഓസ്ട്രേലിയ സ്വന്തമാക്കുമെന്നും-മാര്‍ക്ക് വോ ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു.

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് പുറത്തായാണ് ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റിനുശേഷംയ ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ അജിങ്ക്യാ രഹാനെയാവും ഇന്ത്യയെ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നയിക്കുക. 26ന് മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ്.